Captain

കരുവണ്ണൂർ സപ്ലൈകോ ഡിപ്പോയിലെ എഴുപത് തൊഴിലാളികളെ ഡി.എൽ.ഒ പുറത്താക്കി

നടുവണ്ണൂർ: കരുവണ്ണൂരിലെ എൻ.എഫ്‌.എസ്‌.എ.-പി.ഡി.എസ്‌. ഡിപ്പോയിലെ എഴുപത് ചുമട്ട് തൊഴിലാളികളെ ജില്ലാ ലേബർ ഓഫീസർ പുറത്താക്കി. പദ്ധതിവിരുദ്ധ പ്രവർത്തനം നടത്തിയതിന്‌ മുപ്പത്‌ ദിവസത്തേക്കാണ്‌ ഡി.എൽ.ഒ. പി.പി. സന്തോഷ്‌കുമാർ ഇവരെ പുറത്താക്കിയത്‌.

വെസ്റ്റ്‌ഹിൽ റെയിൽവേ ഗുഡ്‌സ്‌ ഷെഡിലെ മുപ്പത് തൊഴിലാളികളെ കരുവണ്ണൂർ ഡിപ്പോയിൽ പകരം നിയോഗിക്കുകയും ചെയ്തു. തൊഴിലാളി ക്ഷേമബോർഡിലൂടെ അല്ലാതെ നവംബർ മാസം 12 മുതൽ ശമ്പളം നേരിട്ട്‌ കൈപ്പറ്റുകയും ലെവി അടയ്ക്കാതിരുന്നതിനുമാണ്‌ നടപടി.

തൊഴിൽദിനങ്ങൾ രേഖപ്പെടുത്തുന്ന തൊഴിൽ കാർഡ്‌ യഥാസമയം ക്ഷേമബോർഡ്‌ ഓഫീസിൽ എത്തിക്കുന്നതിൽ വീഴ്ചവരുത്തിയതും അച്ചടക്കനടപടിക്ക്‌ കാരണമായെന്ന്‌ ഉത്തരവിൽ പറയുന്നു. മുഴുവൻ തൊഴിലാളികളും പുറത്താക്കൽ നടപടിക്ക്‌ വിധേയരായിട്ടുണ്ട്‌.

ബുധനാഴ്ച രാവിലെയാണ്‌ പുറത്താക്കൽ ഉത്തരവുമായി ഉദ്യോഗസ്ഥർ ഡിപ്പോയിലെത്തിയത്‌. ഒപ്പം, നിയോഗിക്കപ്പെട്ട മുപ്പത് തൊഴിലാളികളുമെത്തിയിരുന്നു. ഡിപ്പോയിലെ തൊഴിലാളികളും തൊഴിലിനെത്തിയിരുന്നു. ഇതോടെ വാക്ക്‌തർക്കമുണ്ടായി.

പേരാമ്പ്ര എസ്‌.ഐ. ദിലീപ്‌ സാറ്റോയുടെ നേതൃത്വത്തിൽ പോലീസെത്തി തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചർച്ചനടത്തി. ജില്ലാ ലേബർ ഓഫീസറുമായി ഫോണിലും അദ്ദേഹം ബന്ധപ്പെട്ടു. ഡിസംബർ 11-നകം അനുരഞ്ജനചർച്ച നടത്താമെന്ന്‌ ധാരണയായി. പുറത്താക്കൽ നടപടി നിലനിൽക്കുന്നതിനാൽ അനുരഞ്ജനയോഗം നടക്കുന്നതുവരെ പുതുതായി നിയോഗിക്കപ്പെട്ട തൊഴിലാളികൾ കയറ്റിറക്ക്‌ നടത്തും.

ഇതുപ്രകാരം ബുധനാഴ്ച എത്തിയ ധാന്യങ്ങൾ പുതിയ തൊഴിലാളികൾ ഇറക്കുകയും നിലവിലെ തൊഴിലാളികൾ പിരിഞ്ഞുപോകുകയും ചെയ്തു. പ്രമോദ്‌ നന്തി (സി.ഐ.ടി.യു.), കെ.കെ. പ്രേമൻ (ഐ.എൻ.ടി.യു.സി.), കെ. റഫീഖ്‌ (എസ്‌.ടി.യു.), എൻ.എം. പ്രമോദ്‌ (ബി.എം.എസ്‌.), രാജൻ കമ്മങ്ങാട്‌ (എ.ഐ.ടി.യു.സി.), ഡിപ്പോ ഇൻചാർജ്‌ ഒ.കെ. നാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കരുവണ്ണൂർ ഡിപ്പോയിൽ കൂലി കുറവാണെന്നും ജില്ലയിൽ ഏകീകരിച്ച കൂലിയില്ലെന്നും നേതാക്കൾ പറഞ്ഞു. കരുവണ്ണൂരിൽ ഒരു ക്വിന്റൽ ചുമന്നാൽ ലെവി അടച്ചതിനുശേഷം 35 രൂപ 60 പൈസയാണ്‌ ലഭിക്കുന്നത്‌. എന്നാൽ, വടകരയിൽ ലെവി ഈടാക്കാതെ 41 രൂപ 40 പൈസ ലഭിക്കുന്നുണ്ടെന്ന്‌ തൊഴിലാളി നേതാക്കൾ പറഞ്ഞു.