Captain

അത്യാധുനിക സംവിധാനങ്ങളോടെ ഉദ്ഘാടനത്തിന് ഒരുങ്ങി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം

കണ്ണൂര്‍: രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി അത്യാധുനിക സൗകര്യങ്ങള്‍ മുൻപേ ഒരുക്കിയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് തയാറെടുക്കുന്നത്.

ഒന്‍പതിനാണ് ഉദ്ഘാടനം.ഇവിടെ യാത്രക്കാര്‍ക്ക് അസൗകര്യങ്ങളൊന്നും ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍)​.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ വടക്കേ മലബാറിന്റെ മുഖച്ഛായ മാറും. ഇതുവരെ കാണാത്ത പുതിയ വികസനക്കുതിപ്പിന് കണ്ണൂര്‍ വേദിയാകും. കൈത്തറി പോലുള്ള കണ്ണൂരിന്റെ പരമ്പരാഗത വ്യവസായ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വുണ്ടാകും.

വടക്കേ മലബാറിന്റെ ഇനിയും ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വിമാനത്താവളത്തിന്റെ സാന്നിദ്ധ്യം സഹായകമാകും.

ഉദ്ഘാടന ദിവസം കണ്ണൂരില്‍ നിന്നുള്ള ആദ്യ സര്‍വീസായി അബുദാബിയിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ് രാത്രി ഏഴിന് തിരിച്ചെത്തും. ആദ്യ യാത്രക്കാര്‍ക്ക് പ്രത്യേക ഉപഹാരങ്ങളും നല്‍കും. മറ്റു ദിവസങ്ങളില്‍ രാവിലെ ഒന്‍പതിന് കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ് രാത്രി 8.20നാവും തിരിച്ചെത്തുക.

ദോഹ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ് സര്‍വീസിന് തയ്യാറായിട്ടുണ്ട്. മസ്‌ക്കറ്റിലേക്കും അധികം വൈകാതെ സര്‍വീസുണ്ടാകും.
ഉദ്ഘാടന ദിവസം ഗോ എയര്‍ വിമാനത്തിന്റെ ആഭ്യന്തര സര്‍വീസുമുണ്ട്.

ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്ക് വൈകിട്ട് 3ന് പുറപ്പെട്ട് 4.15ന് എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം. ആദ്യഘട്ടത്തില്‍ 12 വിമാനകമ്ബനികള്‍ സര്‍വീസ് നടത്തും.

യാത്രക്കാര്‍ക്ക് സാധാരണ വിമാനത്താവളങ്ങളില്‍ അനുഭവപ്പെടുന്ന സമയനഷ്ടം പൂര്‍ണമായും ഒഴിവാക്കിയാണ് കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നത്. സുരക്ഷാ പരിശോധനകള്‍ക്കാണ് പ്രധാനമായും സമയം നഷ്ടമാവുക.

ഇതിന് പരിഹാരമായി അത്യാധുനിക സാങ്കേതിക സൗകര്യമാണ് ഒരുക്കുന്നത്. സെല്‍ഫ് ബാഗേജ് ട്രോപ്പ്, ഇന്‍ലൈന്‍ എക്‌സ്റേ സെല്‍ഫ് ചെക്കിംഗ് മെഷീന്‍, ആറ് ഏയ്റോ ബ്രിഡ്ജുകള്‍ എന്നിവ ഇതിന് സഹായകമാകും. 24 ചെക്ക് ഇന്‍ കൗണ്ടറുകളും ഉദ്ഘാടന ദിവസം പ്രവര്‍ത്തനക്ഷമമാകും.

യാത്രക്കാര്‍ക്ക് വിശ്രമമുറികള്‍ വിമാനത്താവളം ടെര്‍മിനലില്‍തന്നെ ലഭ്യമാകുന്നതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് ഹോട്ടലിനെ ആശ്രയിക്കേണ്ടി വരില്ല. മണിക്കൂറില്‍ 2000പേരെ ഉള്‍ക്കൊള്ളാവുന്ന ടെര്‍മിനല്‍ കോംപ്ളക്സാണ് കണ്ണൂരിലുള്ളത്. കോഫി ഷോപ്പ്, ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നിവയുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും.

കസ്റ്റംസ്, എമിഗ്രേഷന്‍ സുരക്ഷാ സംവിധാനങ്ങളെല്ലാം തയ്യാറായി. സാധാരണ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങി പൂര്‍ണ തോതിലാകണമെങ്കില്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലുമെടുക്കും. എന്നാല്‍, കണ്ണൂരില്‍ എല്ലാ സൗകര്യങ്ങളും ആദ്യഘട്ടത്തില്‍തന്നെ അനുവദിച്ചു.

എയര്‍പോര്‍ട്ടിനോടുബന്ധിച്ചുള്ള പോലീസ് സ്റ്റേഷന്‍ ഒന്‍പതിന് തന്നെ പ്രവര്‍ത്തനം തുടങ്ങും. ആദ്യം താത്കാലിക കെട്ടിടത്തിലായിരിക്കും പ്രവര്‍ത്തനം.

അത്യാധുനിക രീതിയിലുള്ള സംവിധാനമാണ് കാര്‍ഗോ ഹാന്‍ഡ്‌ലിംഗിനായി ഏര്‍പ്പെടുത്തിയത്. എയര്‍പോര്‍ട്ട് മെയിന്റനന്‍സ്, ക്‌ളീനിംഗ് തുടങ്ങിയ ജോലികള്‍ ജി.എം.ആര്‍ എയ്റോ ടെക് കമ്പനിക്കാണ് നല്‍കിയിരിക്കുന്നത്.

300 ടാക്‌സികള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ടാക്‌സി ബേ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി. ഏപ്രണിന്റെ ചില അവസാനവട്ട മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇവയുടെ രൂപ കല്പന ഏയ്‌കോം എന്ന കമ്പനിയാണ്. നിലവിലുള്ള റണ്‍വേ 3050 മീറ്ററില്‍ നിന്ന് 4000 മീറ്ററായി ഉയര്‍ത്താനുള്ള നടപടികള്‍ പരോഗമിക്കുന്നു.

കണ്ണൂര്‍​- മൈസൂര്‍ റോഡ് ദേശീയപാതയായി ഉയര്‍ത്തുന്നതിനുള്ള നടപടികളും നടന്നുവരുന്നു.

ഉദ്ഘാടനം 9ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിര്‍വഹിക്കും.

 സെല്‍ഫ് ബാഗേജ് ട്രോപ്പ്

 ഇന്‍ലൈന്‍ എക്‌സ്റേ സെല്‍ഫ് ചെക്കിംഗ് മെഷീന്‍

 ആറ് ഏയ്റോ ബ്രിഡ്ജുകള്‍

 24 ചെക്ക് ഇന്‍ കൗണ്ടറുകള്‍