Captain

പയംകുറ്റി മലയിൽ വിശ്രമകേന്ദ്രവും ശുചിമുറിയും ഉദ്ഘാടനത്തിന് സജ്ജമായി

വടകര: കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ പയംകുറ്റിമലയിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് 19.10ലക്ഷം രൂപ ചെലവിട്ടു നിർമിച്ച വിശ്രമകേന്ദ്രവും ശുചിമുറിയും ഉദ്ഘാടന സജ്ജമായി.

അടിസ്ഥാന സൗകര്യങ്ങൾ കുറവായിരുന്ന പയംകുറ്റിമലയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന നിർമാണപ്രവൃത്തികളുടെ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും വടകര തഹസിൽദാർ കൺവീനറുമായ ടൂറിസം വികസന സമിതി ബ്ലോക്ക് പഞ്ചായത്തിനു ഭൂമി വിട്ടു നൽകാൻ തയാറായതോടെയാണ് നിർമാണം ആരംഭിച്ചത്.

വടകരയിലെ പ്രധാനടൂറിസ്റ്റ് കേന്ദ്രമായ ലോകനാർകാവ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തെ റോഡിലൂടെ 800 മീറ്റർ മാത്രം സഞ്ചരിച്ചാൽ പയംകുറ്റിമലയിൽ എത്താം.

ലോകനാർകാവ്പയംകുറ്റിമല റോഡ് നിർമാണം കഴിഞ്ഞ വർഷം തന്നെ ബ്ലോക്ക് പഞ്ചായത്ത് പൂർത്തിയാക്കിയിരുന്നു.

പയംകുറ്റിമലയിൽ വർഷംതോറും നടക്കുന്ന ജനുവരി മാസത്തിലെ ക്ഷേത്രോത്സവത്തിൽ ടൂറിസം പ്രമോഷൻ കൗൺസിലും വികസനസമിതിയും സംയുക്തമായി സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

ഉദയാസ്തമനം കാണുന്നതിനപ്പുറം വെള്ളിയാങ്കല്ലും കാണാൻ കഴിയുമെന്നതാണ് നൂറുകണക്കിനു സന്ദർശകർ എത്തുന്ന പയംകുറ്റിമലയുടെ പ്രത്യേകത.

നിർമാണപ്രവർത്തനങ്ങൾ പ്രസിഡന്റ് തിരുവള്ളൂർ മുരളി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സഫിയ മലയിൽ, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിഷ, അസിസ്റ്റന്റ് എൻജിനിയർ എസ്.സ്വീറ്റി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.