Captain

കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ

വടകര: കഞ്ചാവു കേസിൽ ശിക്ഷിക്കപ്പെട്ട് അപ്പീൽ ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ. വടകര ജനതാറോഡിലെ എട്ടംമലോൽ രാജനെ (55)യാണ് വടകര എസ്.ഐ. ഷറഫുദീന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (ഡൻസാഫ്) അറസ്റ്റ് ചെയ്തത്.

വടകര ബി.ഇ.എം. സ്കൂൾ പരിസരത്തുവെച്ച് വെള്ളിയാഴ്ച രാവിലെ 11.30-ഓടെയാണ് ഇയാളെ പിടി കൂടിയത്. 19 ചെറിയ പാക്കറ്റുകളിലായി 90 ഗ്രാം കഞ്ചാവാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. വിദ്യാർഥികളെ ലക്ഷ്യം വെച്ചാണ് ഇയാൾ എത്തിയതെന്ന് പോലീസ് പറഞ്ഞു.

നേരത്തെ വടകര പോലീസ് തന്നെ ഇയാളെ അഞ്ചുകിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഈ കേസിൽ അഞ്ചുവർഷം ശിക്ഷിക്കപ്പെട്ടു. ഇതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യംനേടി പുറത്തിറങ്ങിയതാണ്.