Captain

അരക്കിണറിലെ വ്യാപാര സമുച്ചയത്തിൽ തീപിടിത്തം; മൂന്ന് കടകൾ കത്തി നശിച്ചു

ബേപ്പൂർ: അരക്കിണറിലെ വ്യാപാര സമുച്ചയത്തിലുണ്ടായ അഗ്നിബാധയിൽ മൂന്ന് കടകൾ കത്തിനശിച്ചു.

കാട്ടുശ്ശേരി ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രാ സ്റ്റോർ, പാലപ്പെട്ടി മൊയ്തീൻ കോയയുടെ മിൽമ ബൂത്ത്, പി.എൻ. ഫിറോസിന്റെ നാസി വെജിറ്റബിൾസ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ തീപിടിത്തമുണ്ടായത്. ചന്ദ്രാ സ്റ്റോറിൽ നിന്നുയർന്ന തീയാണ് സമീപത്തെ രണ്ടു കടകളിലേക്കു വ്യാപിച്ചത്.

ഇവിടത്തെ ഫ്രിജ്, ഷോ കേസുകൾ, സ്റ്റേഷനറി സാധനങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ കത്തി നശിച്ചു. വൈദ്യുതി വയറിങും മുഴുവൻ നശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നു സംശയിക്കുന്നു. 4 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ കെ. ചന്ദ്രൻ പറഞ്ഞു.

മിൽമ ബൂത്തിലെ മേശ, കസേരകൾ, കുപ്പിവെള്ളം എന്നിവയാണ് കത്തിയത്. രാത്രി പട്രോളിങിലുണ്ടായ പോലീസുകാരാണ് കടയിൽ തീ ഉയരുന്നതു കണ്ടത്.

ഉടൻ അഗ്നിരക്ഷാ സേനയെ അറിയിച്ചു. മീഞ്ചന്തയിൽ നിന്നു രണ്ട് യൂണിറ്റെത്തി വളരെ നേരം പ്രയത്നിച്ചാണ് തീയണച്ചത്.