Captain

വളയം പീഡനം; കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് മുങ്ങി

നാദാപുരം: മാതാവിന്റെ സഹായത്തോടെ പതിമ്മൂന്നുകാരി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വളയം പോലീസ് അന്വേഷിക്കുന്ന എടച്ചേരി തലായി സ്വദേശിയായ യുവാവ് വിദേശത്തേക്ക് കടന്നു. പെൺകുട്ടിയുടെ മാതാവിനെ കഴിഞ്ഞമാസം ആദ്യവാരം നാദാപുരം എസ്.ഐ. എൻ. പ്രജീഷ് അറസ്റ്റുചെയ്തിരുന്നു. തുടർന്ന് കേസന്വേഷണം വളയം പോലീസിന് കൈമാറി.

പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളയം പോലീസ് അർധരാത്രിയിൽ എടച്ചേരിയിലെ യുവാവിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ യുവാവ് വീട്ടിലില്ലെന്നാണ് വീട്ടുകാർ പറഞ്ഞത്. വാഹനസംബന്ധമായ കേസിന്റെ അന്വേഷണത്തിന്‌ എത്തിയതെന്നായിരുന്നു പോലീസ് വീട്ടുകാരോട് പറഞ്ഞത്.

സംശയം തോന്നി യുവാവ് നടത്തിയ അന്വേഷണത്തിലാണ് പീഡനക്കേസിൽ പോലീസ് തന്നെ തിരയുന്നതായി മനസ്സിലായത്. ഇതോടെ യുവാവ് മുങ്ങുകയായിരുന്നുവെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പീഡനക്കേസിനെക്കുറിച്ച് യുവാവിന് കൂടുതൽ വിവരങ്ങൾ അറിയുമെന്നാണ് പോലീസിന് ലഭിച്ച വിവരം. പക്ഷെ പെൺകുട്ടി യുവാവിന്റെ പേരുമാത്രമാണ് വ്യക്തമായി പറഞ്ഞതെന്നും പോലീസ് പറയുന്നു.

പെൺകുട്ടിയെ വയനാട്, ഗൂഡല്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ കൂട്ടിക്കൊണ്ടു പോയതായാണ് പോലീസിന് നേരത്തെ ലഭിച്ച വിവരം. പ്രതിയായ മാതാവിനെ കോടതിനിർദേശത്തെത്തുടർന്ന് നാലുദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വിശദമായി ചോദ്യംചെയ്തതിൽനിന്ന്‌ തെളിവുകൾ ഒന്നുംലഭിച്ചിട്ടില്ലെന്ന വാദമാണ് പോലീസ് ഉയർത്തുന്നത്.

അതെ സമയം പല പ്രമുഖരും ഉൾപ്പെട്ട കേസായതിനാൽ പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായുള്ള ആരോപണം ഉയർന്നിട്ടുണ്ട്. രാത്രിസമയങ്ങളിൽ ആഡംബര വാഹനങ്ങളിലാണ് മാതാവിനോടൊപ്പം പെൺകുട്ടിയുമായി പലരും ഊരുചുറ്റിയത്. മാതാവിന്റെ സഹായത്തോടെ തന്നെ പീഡിപ്പിക്കുന്നതായി ബന്ധുക്കളോട് പെൺകുട്ടി തുറന്നുപറഞ്ഞതോടൊണ് സംഭവം പുറംലോകം അറിയുന്നത്.

നാദാപുരത്തെ ബന്ധുവിന്റെ കല്യാണത്തിനെത്തിയ സമയത്താണ് വിവരം പുറത്തുപറഞ്ഞത്. ഇതോടെ പെൺകുട്ടിയുടെ സഹോദരന്റെ നേതൃത്വത്തിൽ നാദാപുരം പോലീസിലെത്തി പരാതിനൽകുകയായിരുന്നു.

നാദാപുരം പോലീസ് കേസ് രജിസ്റ്റർചെയ്ത് വളയം പോലീസിന് കൈമാറുകയായിരുന്നു. വളയം എസ്.ഐ. വി.എം. ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്.