Captain

സർക്കാർ ലോട്ടറി ഫലം ഉപയോഗിച്ച് വ്യാജ ലോട്ടറി; മാറാട് ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: സംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഉപയോഗിച്ച് വ്യാജലോട്ടറി വിൽപന നടത്തിയയാളെ മാറാട് പോലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം പെരിയമ്പ്ര വീട്ടിൽ അനീഷ് (മണി– 41) ആണ് പിടിയിലായത്. ലോട്ടറി റഗുലേഷൻ ആക്ട് പ്രകാരം ഇയാളുടെ പേരിൽ കേസെടുത്തു.

ഏജന്റുമാരെ ഉപയോഗിച്ച് ആളുകളിൽ നിന്ന് മൂന്നക്ക നമ്പർ എഴുതി വാങ്ങിയ ശേഷമാണ് നറുക്കെടുപ്പ് ഫലം അറിയിക്കുക. ഇത് സർക്കാർ ലോട്ടറിയുടെ ഫലം വന്നതിനുശേഷമായിരിക്കും. ഫല വിവരം വാട്സാപ് വഴി ഏജന്റുമാർക്ക് നൽകും.

സർക്കാർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്നക്ക നമ്പറിനാണ് ഇയാൾ ഒന്നാം സമ്മാനം നൽകുക. രണ്ടാം സമ്മാനം ലഭിക്കുന്ന ലോട്ടറിയുടെ അവസാന മൂന്നക്ക നമ്പറിനു രണ്ടാം സമ്മാനവും ലഭിക്കും.

ഇത്തരത്തിൽ വലിയ തട്ടിപ്പ് നടത്തുന്ന സംഘം ജില്ലയിലുണ്ടെന്നു മാറാട് എസ്ഐ കെ.എക്സ്. തോമസ് പറഞ്ഞു. സർക്കാരിന്റെ ലോട്ടറിക്ക് സമാന്തരമായി വ്യാജ ഒറ്റനമ്പർ ലോട്ടറി വിൽപന നടത്തുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.

കൂടാതെ ദിവസം ആയിരക്കണക്കിനാളുകൾ ഇവരുടെ പക്കൽ നിന്ന് ഒറ്റ നമ്പർ ലോട്ടറി വാങ്ങുന്നുണ്ടെന്നു പോലീസ് പറഞ്ഞു. മുൻപ് ഇയാളുടെ കൂട്ടുപ്രതികളെ കസബ പോലീസ് പിടികൂടിയിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഏജന്റുമാരെ നിയോഗിച്ചാണ് വ്യാജലോട്ടറി നടത്തുന്നത്. മാറാട് സാഗരസരണിയിൽ നിന്നു പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ നിന്ന് 11,000 രൂപയും വ്യാജ ലോട്ടറി വിൽപനയുടെ തെളിവും പോലീസ് കണ്ടെടുത്തു.

സീനിയർ സിപിഒ പി. അജിത് കുമാർ, സിപിഒമാരായ സരീഷ് പെരുമ്പുഴക്കാട്, കെ.എം. മനോജ് കുമാർ, എം.കെ. ലൈജു, പി. അരുൺകുമാർ, കെ. സാദിഖ് അലി എന്നിവർ ചേർന്ന സംഘമാണ് ഇയാളെ പിടി കൂടിയത്.