Captain

വടകര–കോട്ടപ്പള്ളി–തീക്കുനി റൂട്ടിൽ ബസ് സർവീസ് നിർത്തിവയ്ക്കാൻ തീരുമാനം

വടകര: തീക്കുനി ടൗണിൽ റോഡരികിൽ നിർത്തിയിട്ട സ്വകാര്യബസ് തകർത്ത പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വടകര–കോട്ടപ്പള്ളി–തീക്കുനി റൂട്ടിൽ അനിശ്ചിതകാലത്തേക്ക് ബസ് സർവീസ് നിർത്തിവയ്ക്കാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.

27 ന് രാത്രിയാണ് ബസിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകൾ തകർക്കുകയും ഡീസൽ ടാങ്കിൽ മണ്ണും ചരലും നിറയ്ക്കുകയും ചെയ്തത്. ഇതിനാൽ ഒന്നരലക്ഷം രൂപയിലേറെ നഷ്ടമുണ്ടായി.

കുറ്റ്യാടി പോലീസിൽ പരാതി നൽകിയിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. പ്രതികളെ ഉടൻ പിടികൂടണമെന്നു ജില്ല പ്രൈവറ്റ് ബസ് ആൻഡ് ഹെവി വെഹിക്കിൾസ് മസ്ദൂർസംഘ് (ബിഎംഎസ്) മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് കാരക്കൽ നാരായണൻ ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി രവി എരഞ്ഞിക്കൽ, മേഖല സെക്രട്ടറി വി.കെ. ബാബു, രാജീവൻ കോട്ടപ്പള്ളി, സുധീഷ് പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു.