Captain

വീടിന് പിന്നിൽ ശ്മശാനഭൂമി പോലെ.. ഇവിടെ ഇനി എങ്ങനെ താമസിക്കും; കരിഞ്ചോലമലയിൽ ഉരുൾപൊട്ടിയിട്ട് മൂന്നുമാസം

താമരശ്ശേരി: വീടിനുള്ളിലേക്ക് കയറാൻ പേടിയാകുന്നു. മുഴുവൻ ഇരുട്ടാണ്. തൊട്ടപ്പുറത്താണെങ്കിൽ ശ്മശാനഭൂമിയിലേക്ക് നോക്കുംപോലെ. ചുറ്റുപാടുമുള്ള വീടുകളിലൊന്നും ആരുമില്ല. എങ്ങനെയാണ് ഇവിടിനി ജീവിക്കുക…

കട്ടിപ്പാറ കരിഞ്ചോലമലയിൽ പതിന്നാലുപേരുടെ ജീവൻ പൊലിഞ്ഞ ഉരുൾപൊട്ടലുണ്ടായിടത്തെ വീട്ടിലേക്കെത്തിയ കരിഞ്ചോല എം.കെ. ഹംസയും ഭാര്യ മറിയവും പറയുന്നതിങ്ങനെ. മൂന്നു മാസംമുമ്പ് ഉരുൾപൊട്ടലുണ്ടായ ജൂൺ പതിന്നാലിന് വീടൊഴിഞ്ഞുപോയതാണിവർ. താഴെ ഭാഗത്ത് ഒരു വാടകവീട്ടിലാണിപ്പോൾ താമസിക്കുന്നത്.

മലയിൽനിന്നും ഉരുൾപൊട്ടി ഒഴുകിയെത്തിയ പാറകളും മരവും മണ്ണും മലവെള്ളവും വീടുകളുൾപ്പെടെ ഒഴുക്കിക്കൊണ്ടുപോയ സ്ഥലം ഇപ്പോൾ മരുഭൂമിപോലെ കിടക്കുകയാണ്. ഇതിനുതൊട്ടടുത്താണ് ഹംസയുടെയും മറിയത്തിന്റെയും വീട്. പുറമെ നിന്ന് നോക്കുമ്പോൾ വീടിന് കാര്യമായ നാശമൊന്നും ഇല്ല . അത് കൊണ്ട് തന്നെ വീടുതകർന്നവർക്കുള്ള നഷ്ടപരിഹാരം ഈ കുടുംബത്തിന് ലഭിക്കില്ല .

പക്ഷേ, ഇവിടെ ഇനി എങ്ങനെ താമസിക്കും എന്നതിന് ഇവർക്ക് ഉത്തരമില്ല. വൈദ്യുതിബന്ധം വേർപെട്ടതിനാൽ വെളിച്ചമില്ല. വീട്ടിലേക്കുള്ള വഴിയും തകർന്നുപോയി. സമീപത്തെ വീടുകളെല്ലാം ആളൊഴിഞ്ഞ് നിശ്ശബ്ദമായിക്കിടക്കുകയാണ്.

മലമുകളിലെ ഉരുൾപൊട്ടലിൽ വീട് കുലുങ്ങുന്നതായി തോന്നിയെന്ന് ഇവർ പറയുന്നു. പാത്രങ്ങൾ അലമാരയിൽനിന്ന് താഴെവീണിരുന്നു. വലിയ ശബ്ദത്തോടെ ഉരുൾപൊട്ടലുണ്ടായപ്പോൾ ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഇവരുടെ വീടിന് തൊട്ടടുത്തുള്ള നാലു വീടുകൾ പൂർണമായും തകർന്നു. തൊട്ടുമുകളിലെ വീട്ടിലുണ്ടായിരുന്ന രണ്ടു കുട്ടികളും അതിനടുത്ത വീട്ടിലുണ്ടായിരുന്ന നാലുപേരും അതിനടുത്ത വീട്ടിലുണ്ടായിരുന്ന എട്ടുപേരുമാണ് അന്ന് മരിച്ചത്. പൂർണമായും തകർന്ന ഒരു വീട്ടിലുണ്ടായിരുന്നവർ സാഹസികമായി രക്ഷപ്പെടുകയായിരുന്നു.

ഗ്രാമപ്പഞ്ചായത്തും റവന്യൂവകുപ്പും ചേർന്ന് പ്രദേശത്തെ വീടുകളിലുള്ളവരെയെല്ലാം അന്നുതന്നെ ഒഴുപ്പിച്ചു. വെട്ടിഒഴിഞ്ഞതോട്ടം ജി.എൽ.പി. സ്കൂളിലും സമീപത്തെ ഗവ. ആശുപത്രിയുടെ കെട്ടിടത്തിലും തുറന്ന ദുരിതാശ്വാസക്യാമ്പിലാണ് ആദ്യം പാർപ്പിച്ചത്. വീടുകളിലേക്ക് മടങ്ങാനാകാത്ത പതിനേഴ് കുടുംബങ്ങൾക്ക് വാടകവീട് കണ്ടെത്തിനൽകി. ഒരു കുടുംബം ബന്ധുവീട്ടിലാണ് താമസം.

ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയതായി താമരശ്ശേരി തഹസിൽദാർ സി. മുഹമ്മദ് റഫീഖ് പറഞ്ഞു. പൂർണമായും വീടുതകർന്നവർക്ക് വീടുണ്ടാക്കാനുള്ള തുകയുടെ ആദ്യഗഡുവായി ഒരു ലക്ഷം രൂപവീതവും നൽകിയിട്ടുണ്ട്. വീട് ഭാഗികമായി തകർന്നവർക്ക് തകർച്ചയുടെ അളവനുസരിച്ച് പരമാവധി 35,000 രൂപവരെയും നൽകി.

എന്നാൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുണ്ടാക്കുന്നതിനുള്ള സ്ഥലം ഇതുവരെ ലഭിച്ചിട്ടില്ല. അത് കൊണ്ട് വീടുനിർമാണം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. വീടിന് നാശമുണ്ടായിട്ടില്ലെങ്കിലും ഉരുൾപൊട്ടൽ മേഖലയായതിനാൽ വാസയോഗ്യമല്ലാതായവരുടെ പുനരധിവാസം എങ്ങനെയെന്നതിനെ സംബന്ധിച്ചും ഇതുവരെ തീരുമാനമായിട്ടില്ല.

സർക്കാരിന്റെയോ സന്നദ്ധസംഘടനകളുടെയോ പുനരധിവാസപദ്ധതിയിൽ ഉൾപ്പെട്ട് വാസയോഗ്യമായ വീട് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ള പല കുടുംബങ്ങളും. കാരാട്ട് റസാഖ് എം.എൽ.എ.യുടെയും ഗ്രാമപ്പഞ്ചായത്തിന്റെയും നേതൃത്വത്തിലുള്ള പുനരധിവാസകമ്മിറ്റി നിലവിലുണ്ട്. കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണവും നടന്നിരുന്നു.

 

image: mathrubhumi