Captain

ബേപ്പൂരിൽ ഇരുമ്പ് സ്പാനർ ദേഹത്ത് വീണ് മൂന്ന് വിദ്യർത്ഥികൾക്ക് പരിക്ക്

കോഴിക്കോട്: മൊബൈല്‍ ടവര്‍ നിര്‍മാണത്തിനിടെ ഇരുമ്പ് സ്പാനര്‍ വീണ് സ്‌കൂള്‍ മുറ്റത്ത് കളിച്ചിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ബേപ്പൂര്‍ അങ്ങാടിയിലെ സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികളായ പടിഞ്ഞാറയില്‍ ഇല്യാസിന്റെ മകള്‍ ഫാത്തിമ റനിയ (9), പുത്തന്‍വീട്ടില്‍ നിയാസിന്റെ മകള്‍ ഫാത്തിമ്മ നാഫിദ (9), ഒ കെ യൂനസിന്റെ മകള്‍ നൂഹ (9 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച ഉച്ച് ഭക്ഷണ സമയത്ത് സ്‌കൂള്‍ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ വിദ്യാര്‍ഥികളുടെ ശരീരത്തില്‍ സ്പാനര്‍ പതിക്കുകയായിരുന്നു. സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിര്‍മാണം പ്രവര്‍ത്തനം നടന്നുകൊണ്ടിരുന്ന മൊബൈല്‍ ടവറിലെ ജോലിക്കാരുപയോഗിച്ചിരുന്ന സ്പാനര്‍ താഴെ കെട്ടിടത്തിന്റെ ടെറസില്‍ വീണശേഷം തെറിച്ചാണ് അപകടം ഉണ്ടായത്.

തലയില്‍ സ്പാനര്‍ തുളച്ച് കയറി ആഴത്തില്‍ മുറിവേറ്റ ഫാത്തിമ നാഫിദ എന്ന കുട്ടിയെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ചുമലിലും നെഞ്ചിലും പരിക്കേറ്റ മറ്റു രണ്ടുകുട്ടികള്‍ ചെറുവണ്ണൂരിലെ സ്വകാര്യാശുപത്രിയിലാണ് . ഈ മൊബൈല്‍ ടവറിനെതിരെ ജനകീയ പ്രതിഷേധം നിലനില്‍ക്കെയാണ് അപകടം.