Captain

മാലിന്യ സംസ്‌ക്കരണത്തില്‍ ‘നിറവ്’ ന്റെ നല്ല മാതൃക

കോഴിക്കോട്: മനുഷ്യന്‍ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾക്ക് പ്രകൃതി തിരിച്ചടി നല്‍കികൊണ്ടിരിക്കുന്നത് കണ്ടു കൊണ്ടിരിക്കയാണ് നാം. പുഴയിലും കാറ്റിലും തള്ളിയ മുഴുവന്‍ മാലിന്യങ്ങളും ഒരു പ്രളയത്തിലൂടെ പ്രകൃതി തിരിച്ചു കൊടുത്തിരിക്കുകയാണ്. അവ വീണ്ടും പ്രകൃതിയിലേക്ക് വലിച്ചെറിയാതെ വേണം പുതിയ കേരളം സൃഷ്ടിക്കാൻ എന്ന മാതൃക കാണിക്കുകയാണ് വേങ്ങേരിയിലെ ഗാര്‍ഹിക കൂട്ടായ്മയായ ‘നിറവ്’.

കല്‍പ്പറ്റയിലെ മുണ്ടേരിയില്‍ തോട് കവിഞ്ഞൊഴുകി അവിടെയാകെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരമായിരുന്നു. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്ന നാട്ടുകാരും അധികൃതരും ആഗസ്ത് 27ന് അവിടെ പുതിയൊരു കാഴ്ചയ്ക്കാണ് സാക്ഷ്യംവഹിച്ചത്. കോഴിക്കോട്ടു നിന്ന് ചുരം കയറിയെത്തിയ നന്മനിറഞ്ഞ നാല്‍പ്പതോളം നിറവ് പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്കകം പ്ലാസ്റ്റിക്കിന്റെ തരിപോലും അവശേഷിപ്പിക്കാതെയാണ് അവിടെ നിന്ന് മടങ്ങിയത്. കൂടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച 350 ഓളം ചാക്കുകെട്ടുകളും.

മാത്രമല്ല പൂനൂര്‍പുഴ കരകവിഞ്ഞപ്പോള്‍ കുരുവട്ടൂര്‍ പഞ്ചായത്തില്‍ വെള്ളമുയര്‍ന്നു. സമീപ പ്രദേശങ്ങളിലെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങല്‍ നിറഞ്ഞു, അവിടെയുമെത്തി നിറവിന്റെ പ്രവര്‍ത്തകര്‍. പഞ്ചായത്തിലെ ഹരിതസേനയുടെ നേതൃത്വത്തില്‍ അജൈവ മാലിന്യം ശേഖരിച്ച് വെസ്റ്റ്ഹില്ലിലെ പ്ലാസ്റ്റിക് പുനഃചംക്രമണ യൂണിറ്റിലെത്തിച്ചു.

പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞാണ് നഗരഹൃദയത്തിലൂടെ കനോലി കനാല്‍ എന്നും ഒഴുകുന്നത്. നാശത്തിന്റെ വക്കിലെത്തിയ കനാലിന് പുതുജീവന്‍ നല്‍കുകയാണ് ഇപ്പോള്‍ നിറവ്. ‘ഓപ്പറേഷന്‍ കനോലി കനാലി’ലൂടെ 10 ദിവസം നീണ്ട ശുചീകരണ പ്രവര്‍ത്തനമാണ് നടക്കുന്നത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍, കോര്‍പ്പറേഷനു കീഴിലുള്ള ഇടങ്ങള്‍ കൂടാതെ നഗരത്തിന് പുറത്ത് കരിപ്പൂര്‍ വിമാനത്താവളം, മാഹി മുനിസിപ്പാലിറ്റി, ലക്ഷദ്വീപിലെ മിനിക്കോയ്, കവരത്തി, അഗത്തി നിറവിന്റെ പ്രവര്‍ത്തകരെത്തി മാലിന്യമുക്തമാക്കിയ സ്ഥലങ്ങളുടെ പട്ടിക നീളുന്നു.

ഐ.ഐ.എം, എന്‍.ഐ.ടി എന്നിവിടങ്ങളിലും നിറവിന്റെ കൈകളെത്തി. വര്‍ഷംതോറും നിരവധി കിടക്കകളാണ് ഇവിടങ്ങളില്‍നിന്ന് പുറന്തള്ളുന്നത്. ഇവയെല്ലാം ശേഖരിച്ച് സോഫകളും മറ്റും നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുവാക്കി മാറ്റുകയാണ് ചെയ്യുന്നത്. ചകിരിക്കിടക്കകള്‍ കയര്‍ ഭൂവസ്ത്രമാക്കി മാറ്റും.