Captain

ലോട്ടറി ടിക്കറ്റിലെ അക്കങ്ങൾ ചുരണ്ടി മാറ്റി സമ്മാനം തട്ടി

വടകര: ലോട്ടറി ടിക്കറ്റ് നമ്പർ ചുരണ്ടി മാറ്റി സമ്മാനം തട്ടിയെടുത്തു. വടകരയിൽ ലോട്ടറി വിൽക്കുന്ന കോട്ടയം സ്വദേശി ബെന്നിയാണ് കബളിപ്പിക്കപ്പെട്ടത്. സമ്മാനവുമായി മുങ്ങിയ ആളെ തേടുകയാണ് ബെന്നി ഇപ്പോൾ. ഈ കഴിഞ്ഞ 16ന് നറുക്കെടുത്ത പൗർണമി ഭാഗ്യക്കുറിയുടെ അഞ്ഞൂറ് രൂപ സമ്മാനമാണ് നമ്പർ മാറ്റി തട്ടിയെടുത്തത്.

വടകര ക്യൂൻസ് റോഡിനു സമീപം ലോട്ടറി വിൽക്കുന്നതിനിടയിലാണ് അറുപത് വയസ് പ്രായം തോന്നിക്കുന്ന ഒരാൾ ഭാഗ്യക്കുറിയുമായി ബെന്നിയുടെ അടുത്ത് എത്തിയത്. ലോട്ടറി ഫലം നോക്കിയപ്പോൾ 6332 എന്ന ടിക്കറ്റ്ന മ്പറിന് അഞ്ഞൂറ് രൂപയുണ്ട്. സമ്മാനത്തിന് പകരമായി 250 രൂപയുടെ ബമ്പർ ടിക്കറ്റും 30 രൂപയുടെ മറ്റൊരു ടിക്കറ്റും ബാക്കി 220 രൂപയും നൽകി.

കൂടാതെ ഇയാളുടെ കൈവശം 6332 ൽ അവസാനിക്കുന്ന വേറെയും ടിക്കറ്റ് ഉണ്ടായിരുന്നു. അതിന്റെ പണം വേണ്ടേ എന്ന് ചോദിച്ചപ്പോൾ അത് താൻ വേറെ വിൽപനക്കാരന് കൊടുക്കാൻ വെച്ചതാണെന്ന് പറഞ്ഞ് സ്ഥലം വിട്ടു. പിന്നീട് സംശയം തോന്നിയ ബെന്നി വടകരയിലെ ഏജന്റിന്റെ കടയിൽ കൊടുത്തപ്പോഴാണ് കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാവുന്നത്.

ആർ.ജി 256882 എന്ന നമ്പറിലെ 88 വിദഗ്തമായി ചുരണ്ടി 33 ആക്കിയാണ് സമ്മാനം തട്ടിയെടുത്തത്.
മാന്യമായി വസ്ത്രധാരണം ചെയ്ത് വന്ന ആളിന്റെ മുഖം കൃത്യമായി ഓർമ്മയുള്ള ബെന്നി ഇയാൾക്കായി നഗരം മുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതിനാൽ കൈയിലുള്ള ബാക്കി ടിക്കറ്റുകൾ വിൽക്കാനും കഴിഞ്ഞില്ല. ഇതു സംബന്ധിച്ച് ബെന്നി വടകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.