Captain

കേരളത്തിന് കൈത്താങ്ങാവാൻ വിദ്യാർത്ഥി മാതൃക

വടകര: പ്രതീക്ഷിക്കാതെയുണ്ടായ മഹാ ദുരന്തത്തിൽ പകച്ചുപോയ, ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടമായ കേരള ജനതയെ മുഴുവൻ ജീവിതത്തിലേക്ക് തിരിച്ച് പിടിക്കാൻ ഒരുങ്ങുകയാണ് എല്ലാവരും. ചെറുതും വലുതുമായ എല്ലാ സഹായങ്ങളും നൽകി ലോകം മുഴുവൻ കേരളത്തിനൊപ്പം നിൽക്കുമ്പോൾ അവർക്കൊപ്പം മാതൃക കാട്ടി കേരളത്തിന് കൈത്താങ്ങാവുകയാണ് ഒരു കൂട്ടം എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ.

വടകര എൻജിനിയേറിങ് കോളജിലെ 2014-18 ബാച്ചിൽ പെടുന്നവരായ ഈ വർഷം കോഴ്‌സ് പൂർത്തിയാക്കിയ വിദ്യർത്ഥികൾ ആണ് തങ്ങളുടെ കോഷൻ ഡെപ്പോസിറ്റ് തുകയായ 5000 രൂപ മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനൊരുങ്ങുന്നത്. എല്ലാ വിദ്യാർത്ഥികളുടെയും ഡെപ്പോസിറ്റ് തുക ചേർത്ത ഏകദേശം 15 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഇവർ സംഭാവന ചെയ്യുന്നത്.

ദുരിതസ്വാസ നിധിയിലേക്ക് സ്കൂൾ കുരുന്നുകൾ സമ്പാദ്യ കുടുക്ക പൊട്ടിച്ച് നൽകിയ നാണയ തുട്ടുകൾ മുതൽ ഒരേക്കർ സ്ഥലം സംഭാവന നൽകിയ സ്വാഹ ഉൾപ്പടെയുള്ള വിദ്യാർത്ഥി സമൂഹം ഒരിക്കൽ കൂടി നമ്മെ ഓർമ്മപ്പെടുത്തുകയാണ് ഏതു വലിയ ദുരന്തത്തെയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും എന്ന്.