ക്ഷണിക്കാത്തതിനാല്‍ ഷാനവാസ് എം.പി ദുരന്തസ്ഥലം സന്ദര്‍ശനം നടത്തിയില്ലെന്ന പ്രചാരണം വ്യാജം; പ്രചരിപ്പിക്കുന്നത് തെറ്റായ വീഡിയോ

കോഴിക്കോട്: ശക്തമായ മഴയും ഉരുള്‍പൊട്ടലും ദുരിതം വിതച്ച സ്ഥലങ്ങളില്‍ സന്ദര്‍ശിക്കാത്തത് ക്ഷണിക്കാത്തതിനാലാണ് എന്ന തരത്തില്‍ ഷാനവാസ് എം.പി പേരിലുള്ള പ്രചാരണം തെറ്റ്. ഒരു മീറ്റിംഗിനെക്കുറിച്ചുള്ള വീഡിയോ ആണ് വ്യാജ വാര്‍ത്തയ്‌ക്കൊപ്പം പ്രചരിപ്പിക്കുന്നതെന്ന് ഷാനവാസ് പ്രതികരിച്ചു.

‘ഞാന്‍ എത്താത്തത്, എന്നെ ക്ഷണിക്കണ്ടേ’ എന്ന് ഷാനവാസ് പറയുന്ന വീഡിയോ ആണ് ഇന്നലെ മുതല്‍ വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ദുരിതമുഖത്ത് ക്ഷണമില്ലാതെ എത്താനാവാത്ത എം.പി എന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇത് മറ്റൊരു മീറ്റിംഗിനെക്കുറിച്ചുള്ള വീഡിയോ ആണെന്നാണ് ഷാനവാസിന്റെ വിശദീകരണം.

കഴിഞ്ഞ ജൂണ്‍ 15ന് ചുരം ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള യോഗത്തില്‍ എത്താത്തതിനെ കുറിച്ചാണ് വീഡിയോയില്‍ സംസാരിക്കുന്നതെന്ന് ഷാനവാസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.

 

ഷാനവാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട സുഹൃത്തുക്കളെ,
എന്റെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ വ്യാപകമായി തെറ്റ് ധരിപ്പിക്കുന്ന രൂപത്തില്‍ പ്രചരിപ്പിക്കുന്നുണ്ട് ,കഴിഞ്ഞ ജൂണ്‍ 15 ന് ചുരം ഇടിഞ്ഞ് ഗതാഗതം നിലച്ച സമയത്ത് അവലോകന യോഗം ഇടത് പക്ഷ സര്‍ക്കാര്‍ സംഘടിപ്പിച്ചു ,പ്രസ്ഥുത യോഗത്തില്‍ UDF ജന പ്രധിനിധികളായ സ്ഥലം MP , ബ്ലോക്ക് പ്രസിണ്ടന്റ് പഞ്ചായത്ത് പ്രസിണ്ടന്റ് എന്നിവരെ ഒഴിവാക്കി കൊണ്ടാണ് ആ യോഗം വിളിച്ചത്. യോഗം പുതുപ്പാടിയില്‍ ആയത് കൊണ്ട് പഞ്ചായത്ത് പ്രസിണ്ടന്റ് ഉള്‍പ്പെടെ ഉള്ള ജനപ്രധിനിധികള്‍ ക്ഷണിക്കാതെ തന്നെ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു . രാവിലെ നടന്ന അവലോകന യോഗത്തിന് ശേഷം ഞാന്‍ സ്ഥലം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

വയനാട്ടിലെ ദുരന്ത സ്ഥലം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനല്ല വീഡിയോയില്‍ പ്രചരിക്കുന്ന മറുപടി പറഞ്ഞത് .അവിടെ നടന്ന അവലോകന യോഗത്തില്‍ എം പി എന്ന നിലയ്ക്ക് എന്നെ ക്ഷണിക്കാതെ വളരെ മോശം രീതിയില്‍ രാഷ്ട്രീയം കളിക്കുന്നതിനെയാണ് കുറ്റപെടുത്തിയത്.സമയമോ തീയ്യതിയോ അറിയാത്ത സ്ഥിതിക്ക് ക്ഷണിക്കാതെ എങ്ങനെ പങ്കെടുക്കും എന്നാണ് പറഞ്ഞത് . യോഗം ഉണ്ട് എന്ന് മുന്‍കൂട്ടി അറിയാന്‍ വഴികളില്ലല്ലോ .അതിനെ ഈ രീതിയില്‍ വളച്ചൊടിച്ച് ,വാസ്തവ വിരുദ്ദമായ വാര്‍ത്ത പ്രചരിപ്പിക്കന്നവര്‍ക്കെതിരെ ഇന്ന് ഡിജിപി ക്ക് പരാതി നല്‍കും .