കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്, എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ആഗസ്‌റ്റ് 14വരെ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം (റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ജില്ലകളില്‍ 14 വരെ റെഡ് അലര്‍ട്ടും 15 വരെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ,കണ്ണൂര്‍ ജില്ലകളില്‍ 13വരെ റെഡ് അലര്‍ട്ടും 15വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആഗസ്റ്റ് 12 വരെയാണ് റെഡ് അലര്‍ട്ട്. ഇവിടങ്ങളില്‍ 14വരെ ഓറഞ്ച് അലര്‍ട്ടും തുടരും.

സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായാണ് വിവിധ ജില്ലകളില്‍ ഇപ്പോള്‍ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയുണ്ടാകും. ജലാശയങ്ങള്‍ക്ക് സമീപം പോകുന്നതും മറ്റും ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.