Captain

മാതുവിന് കാണണം; ജീവിതം വഴി മുട്ടിച്ച ആ സ്വിഫ്റ്റ് കാർ

നാദാപുരം: വലിയ വീട്, ആഡംബരമായ ജീവിതം, സ്വന്തമായൊരു കാർ ഇതൊന്നും എടച്ചേരിയിലെ കോട്ടേമ്പ്രത്തുകാരി മീത്തലെ പട്ടേരി മാതു ( 90) വിന്റെ ചെറിയ സ്വപ്നങ്ങളിൽ പോലുമില്ലാത്തതാണ്. സർക്കാരിൽ നിന്നും ലഭിക്കുന്ന വാർധക്യ പെൻഷൻ തുക മാത്രമാണ് പ്രായാധിക്യത്തിന്റെ അവശതകളുമായി തളർന്നു കഴിയുന്ന മാതുവിന് ലഭിച്ചിരുന്ന മരുന്നു വാങ്ങാനുള്ള ആശ്രയവും ആകെയുള്ള ജീവിത മാർഗവും. എന്നാൽ, കെഎൽ 13 എക്സ് 8177 കാറിന്റെ ഉടമയാണ് മാതുവെന്ന് കണ്ടെത്തി ഇവർക്ക് ലഭിച്ചിരുന്ന പെൻഷൻ നിഷേധിച്ചിരിക്കുകയാണ് ഇപ്പോൾ സർക്കാർ.

കണ്ണൂർ ജില്ലയിൽ മൊയ്തു എന്നയാളുടെതാണ് ഈ കാർ എന്നാണ് സർക്കാരിന്റെ തന്നെ മോട്ടോർവാഹന വകുപ്പ് രേഖകളിലുള്ളത്. കണ്ണൂർ ആർടിഒ ഓഫിസിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നതും. ഇല്ലാത്ത വാഹനങ്ങളുടെ നമ്പർ ചേർത്ത് പല പെൻഷൻകാരുടെയും പെൻഷൻ നിഷേധിക്കപ്പെട്ടതായി പരാതി വ്യാപകമാണ്. മാതുവിന് കാറോ മറ്റു വാഹനങ്ങളോ ഇല്ലെന്ന കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാൻ ഈ സൈറ്റ് സന്ദർശിക്കാൻ പോലും കഴിയാതെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് വാർഡ് അംഗം നിജീഷ് കണ്ടിയിൽ പറഞ്ഞു. സാമൂഹികക്ഷേമ വകുപ്പ് തന്റേതെന്ന് കണ്ടെത്തിയ സ്വിഫ്റ്റ് കാറൊന്നു കാണാൻ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ് സ്വിഫ്റ്റ് കാർ എന്തെന്ന് പോലും അറിയാത്ത , തന്റെ കൊച്ചു വീട്ടിൽ തളർന്നു കിടക്കുന്ന മാതു.