Captain

മഴക്കെടുതിയിൽ പ്ലസ് ടു സർട്ടിഫിക്കറ്റുകൾ നശിച്ചതിൽ മനംനൊന്ത് കാരന്തൂര്‍ സ്വദേശി ആത്മഹത്യ ചെയ്തു

കോഴിക്കോട്: തുടർച്ചയായി പെയ്ത കനത്ത മഴയിൽ സര്‍ട്ടിഫിക്കറ്റുകള്‍ നശിച്ചു പോയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് കാരന്തൂര്‍ സ്വദേശി കൈലാഷ്‌ ആണ് മഴയിൽ തന്റെ പ്ലസ് ടു സർട്ടിഫിക്കറ്റുകൾ നശിച്ച വിഷമത്തിൽ തൂങ്ങിമരിച്ചത്. മഴ കെടുത്തി കാരണം ദുരിതാശ്വാസ ക്യാമ്പിൽ ആയിരുന്നു കൈലാഷും കുടുംബവും. എന്നാൽ മഴ ശമിച്ചതോടെ
ദുരിതാശ്വാസ ക്യാമ്പിൽ നിന്നും കൈലാഷ് ഞായറാഴ്ച വീട്ടിലേക്ക് മടങ്ങിയെത്തി.

തുടർന്നാണ് തന്റെ സാധനങ്ങളെല്ലാം മഹാ പ്രളയം കൊണ്ട് പോയി എന്നറിഞ്ഞത്. മഴ വെള്ളത്തില്‍ കുതിര്‍ന്ന് കീറിപ്പോയ നിലയിലായിരുന്നു സർട്ടിഫിക്കറ്റുകൾ. ഇത് കണ്ട സങ്കടത്തിൽ കൈലാഷ് വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. പിന്നീട് വീട് വൃത്തിയാക്കുന്നതിനായി മാതാപിതാക്കള്‍ എത്തിയപ്പോഴാണ് മകന്‍ വീട്ടിൽ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഐ.ടി.ഐയില്‍ പ്രവേശനം ലഭിച്ച കൈലാഷ്, പുതിയ വസ്ത്രങ്ങള്‍ വാങ്ങുകയും കുറച്ച് പണം കരുതുകയും ചെയ്തിരുന്നു.

എന്നാല്‍, പ്രളയത്തില്‍ കൈലാഷിന്റെ വീട്ടില്‍ വെള്ളം കയറിയതോടെ അവയെല്ലാം നശിച്ചു പോവുകയായിരുന്നു. കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന മകന്റെ വേര്‍പാടില്‍ തകർന്നിരിക്കുകയാണ് കൈലാഷിന്റെ മാതാപിതാക്കൾ.

അതേസമയം മഴയില്‍ വിലപ്പെട്ട രേഖകള്‍ നഷ്ട്ടമായവർക്ക് ഓരോന്നിനും പ്രത്യേകം അപേക്ഷ നല്‍കുന്ന സാഹചര്യം ഒഴിവാക്കി ഐ.ടി അടിസ്ഥാനത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തി തിരിച്ചുനല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കൂടാതെ പ്രളയത്തില്‍ പാഠപുസ്തകവും യൂണിഫോമും നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പാഠപുസ്തകം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.