Captain

ഓണനാളില്‍ തലചായ്ക്കാനിടംതേടി കൂടരഞ്ഞി ദുരിതാശ്വാസക്യാമ്പിലെ ഒരു കൂട്ടം കുടുബങ്ങള്‍

താമരശ്ശേരി: പ്രളയം ദുരന്തം വിതച്ചത് അത്ത നാളുകളിലായിരുന്നു എന്നാല്‍ തിരുവോണനാളിലും ആ ദുരിതം മാറാതെ കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലെ ഒരു കൂട്ടം കുടുബങ്ങള്‍. പുതിയ ജീവിതത്തിലേക്കുള്ള പുറപ്പാടായിരുന്നു കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലുള്ള കുടുംബങ്ങള്‍ക്ക് ഉത്രാടംനാള്‍. തലചായ്ക്കാനിടംതേടിയുള്ള പാച്ചില്‍. അതിനിടെ ഓണമെത്തിയത് ആരുടെയും ഒര്‍മ്മയില്‍പോലും വന്നില്ല…..

ഉരുള്‍പൊട്ടലുണ്ടായ കല്‍പിനിയിലെ സുനിതയും രാജ്കുമാറും ഇത്തവണ ഓണത്തിന് വീട്ടിലേക്കില്ല. ഇവരുടെ വീട് ഉരുള്‍പൊട്ടലില്‍ നാശമായി. മക്കള്‍ പ്ലസ് ടു വിദ്യാര്‍ഥിനി മായാരാജും ഒമ്പതാംക്ലാസ് വിദ്യാര്‍ഥി അമല്‍രാജും സുനിതയുടെ ചേച്ചിയുടെ എടവണ്ണപ്പാറയിലെ വീട്ടിലാണ്. ഇവര്‍ക്ക് വാടകവീട് കണ്ടുവച്ചിട്ടുണ്ട്. പക്ഷേ, ഉത്രാടനാളിലെ യാത്ര എടവണ്ണപ്പാറയിലേക്കാണ്. കല്‍പിനിയില്‍ കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെ ഓണാഘോഷം എല്ലാവരും കൂടി ആഘോഷിക്കാറുള്ളതാണ്. ഇത്തവണ ഉരുള്‍പൊട്ടല്‍ ആഘോഷത്തെയെല്ലാം ഒഴുക്കിക്കളഞ്ഞു. കല്‍പിനിയിലെ നാല് വീടുകള്‍ താമസിക്കാന്‍ പറ്റാതെ കുടുംബങ്ങള്‍ ദുരിതാശ്വാസക്യാമ്പിലായിരുന്നു. ഇവിടെ ഒരു കുടുംബത്തിലെ രണ്ട് പേരുടെ ജീവനും ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞു.

കല്‍പിനിയില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ തൊട്ടുതാഴെയായാണ് കൊറ്റോലില്‍ ദേവസ്യയും സാലിയും കുടുംബവും താമസിച്ചുവന്നത്. ഇവരുടെ വീട് താമസിക്കാന്‍ പറ്റാതായി. മക്കള്‍ പി.വി.സി.ആശുപത്രിയില്‍ നഴ്സായ സൗമ്യ, പ്ലസ് ടു വിദ്യാര്‍ഥിനി സ്നേഹ, പ്ലസ് വണ്‍ വിദ്യാര്‍ഥിനി സാനിയ എന്നിവരുമൊത്ത് ദുരിതാശ്വാസക്യാമ്പ് ഒഴിഞ്ഞ് കല്‍പിനിയില്‍തന്നെയുള്ള വാടകവീട്ടിലേക്കാണ് ഇവരുടെ യാത്ര. അഞ്ച് സെന്റ് സ്ഥലമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. ഇതില്‍ കുറേഭാഗം ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയി.

ചെറിയ രീതിയിലൊരു ഉത്രാടസദ്യയൊരുക്കി കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടതായിരുന്നു. പക്ഷേ, ഇത്തവണ എവിടെ, എങ്ങനെ ഓണം ആഘോഷിക്കാനാണ്…? കൂടരഞ്ഞി കൂട്ടക്കര കോളനിയിലെ കണ്ടംപറമ്പത്ത് ശ്രീജ ചോദിക്കുന്നു. ഉത്രാടംനാള്‍ ഉച്ചകഴിഞ്ഞിട്ടും തങ്ങളുടെ പുനരധിവാസമെവിടെയാണെന്ന് തീര്‍ച്ചയാകാതെ നില്‍ക്കുകയായിരുന്നു ശ്രീജയും ഭര്‍ത്താവ് നടക്കാന്‍ ശേഷിക്കുറവുള്ള വിനോദും പന്ത്രണ്ടും ഏഴും വയസുകാരായ രണ്ട് ആണ്‍കുട്ടികളും എട്ട്മാസം പ്രായമുള്ള പെണ്‍കുട്ടിയുമുള്ള കുടുംബം. എല്ലാവര്‍ക്കും പോകാനിടമായിട്ടും തനിക്കാകാതിരുന്നപ്പോള്‍ കുഞ്ഞുങ്ങളെയുംകൊണ്ട് നിന്ന ശ്രീജയുടെ കണ്ണ് നിറഞ്ഞു. അവസാനം കല്‍പിനിയിലെ ഒരു വൃദ്ധസദനത്തില്‍ ഇവര്‍ക്ക് താമസിക്കാന്‍ ഇടം കണ്ടെത്തി വില്ലേജ് ഓഫീസര്‍ ആശ്വസിപ്പിച്ചു. വെള്ളപ്പൊക്കത്തില്‍പെട്ട് വീട് താമസിക്കാന്‍ പറ്റാതായാണ് കുടുംബം ദുരിതാശ്വാസക്യാമ്പിലെത്തിയത്. മണ്‍കട്ടകൊണ്ടുണ്ടാക്കിയ വീടിന്റെ ചുമരുകള്‍ വീഴാറായി നില്‍ക്കുകയാണ്. വിനോദിന്റെ സഹോദരിയുടെ വീട്ടിലാണ് താമസിച്ചുവന്നത്. ഇവര്‍ക്ക് സ്വന്തമായി വീടില്ല.

മൂന്നേക്കര്‍ കൃഷിഭൂമിയുള്ള പനക്കച്ചാലിലെ അമ്പാട്ട് ജോയിയും കുടുംബവും വീടിനടുത്തുള്ള വാടകവീട്ടിലേക്കാണ് പോകാനൊരുങ്ങുന്നത്. മക്കള്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന ഇരട്ടക്കുട്ടികളായ ജര്‍ലിനും ജസ്ലിനും അഞ്ചാംക്ലാസുകാരനായ ജുവലും സ്‌കൂളിലെ ക്യാമ്പില്‍നിന്നും മടങ്ങുമ്പോള്‍ ഓണമായെന്ന കാര്യം ഓര്‍ക്കുന്നുപോലുമില്ല. വീടിനുമുകള്‍ഭാഗത്തെ ഉരുള്‍പൊട്ടല്‍ മക്കള്‍ നേരിട്ടുകണ്ട് രണ്ട് ദിവസത്തേക്ക് ഉറക്കത്തില്‍ പേടിച്ചുകരയുമായിരുന്നെന്ന് ജോയിയുടെ ഭാര്യ ഷൈനി പറയുന്നു. ഭൂമിയുള്ളതിനാല്‍ ജോയിക്ക് വീട് തകര്‍ച്ചബാധിച്ചതിന്റെ ആനുകൂല്യങ്ങളൊന്നും കാര്യമായി കിട്ടാനിടയില്ല. പക്ഷേ, ഒരേക്കറോളം സ്ഥലമാണ് ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയത്. മുകളില്‍നിന്നും ഉരുള്‍പൊട്ടി കല്ലും മരവും മണ്ണുമെല്ലാം ഇവരുടെ വീടിനുനേര്‍ക്കാണ് ഒഴുകിവന്നത്. വീടിന്റെ ഭിത്തിക്കും തറയ്ക്കും കേടുപറ്റി. ഈ വീട്ടില്‍ ഇനി പഴയതുപോലെ ജീവിക്കാനാവില്ല. കൃഷിചെയ്തുണ്ടാക്കിയ റബ്ബര്‍ സ്വന്തമായി ടാപ്പിങ് നടത്തിയാണ് കഴിഞ്ഞുവന്നത്. ഇപ്പോള്‍ അതും ഇല്ലാതായി.

കൂമ്പാറ ഹോമിയോ ആശുപത്രിയിലേക്കാണ് കല്ലുപറമ്പില്‍ ഷാന്റിയും കുടുംബവും യാത്രയായത്. ഭര്‍ത്താവ് ബേബിയും പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഷാലുവും ഏഴില്‍ പഠിക്കുന്ന ഷിബിന, രണ്ടുവയസുളള ഷിയോണ എന്നിവരും അമ്മ മേരിയും ഇനി അവിടെ താമസിക്കണം. കല്‍പിനിയിലെ അഞ്ച് സെന്റ് സ്ഥലത്തായിരുന്നു ഇവരുടെ വീട്. ഉരുള്‍പൊട്ടിയ സ്ഥലത്തെ വീട്ടില്‍ ഇനി താമസിക്കാന്‍ വയ്യ.

പതിനേഴ് കുടുംബങ്ങളിലായി 69 അംഗങ്ങളായിരുന്നു വെള്ളിയാഴ്ച ദുരിതാശ്വാസക്യാമ്പിലുണ്ടായിരുന്നത്. ക്യാമ്പ് അവസാനിപ്പിച്ചതോടെ ഇതില്‍ ഏഴ് കുടുംബങ്ങള്‍ വാടകവീടുകളിലേക്കാണ് പോയത്. കൂമ്പാറ ഹോമിയോ ആശുപത്രിക്കെട്ടിടത്തില്‍ രണ്ട് കുടുംബങ്ങളും കൂമ്പാറ ആരോഗ്യ ഉപകേന്ദ്രത്തിലും കല്‍പിനിയിലെ വൃദ്ധസദനത്തിലുമായി ഓരോ കുടുംബങ്ങള്‍ ഇടം തേടി. മൂന്ന് കുടുംബങ്ങള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. ബാക്കിയുള്ളവര്‍ ബന്ധുവീടുകളിലേക്കും പോയി.