Captain

വെയിൽ ഉദിച്ചതോടെ കൊയിലാണ്ടിയിൽ പൂ വിപണി ഉണർന്നു

കൊയിലാണ്ടി: കനത്ത കാലവർഷം മാറി വെയിൽ ഉദിച്ചു തുടങ്ങിയതോടെ കൊയിലാണ്ടിയിൽ പൂക്കച്ചവട വിപണിയും സജീവമാവുകയാണ്. പ്രളയ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളുമെല്ലാം ഈ വർഷത്തെ ഓണാഘോഷം ഒഴിവാക്കിയതോടെ പൂക്കൾ വാങ്ങാൻ കഴിഞ്ഞ ദിവസങ്ങളിൽ എത്തുന്ന ആളുകളുടെ എണ്ണവും വളരെ കുറവായിരുന്നു. അത് കൊണ്ട് തന്നെ പൂക്കച്ചവടക്കാരുടെ സ്റ്റാളുകളും നഗരത്തിൽ കുറവായിരുന്നു.

വലിയ വിലയ്ക്ക് അയൽ നാടുകളിൽ നിന്നും പൂക്കൾ ഇവിടെ എത്തിച്ചു കഴിഞ്ഞ് വാങ്ങാൻ ആളില്ലാതെ വന്നാൽ വലിയ സാമ്പത്തിക നഷ്ടമാണ് കച്ചവടക്കാർക്ക് ഉണ്ടാവുക. മഴയിൽ പൂക്കൾ നനഞ്ഞാൽ അവ എളുപ്പം കേടാവാൻ സാധ്യതയുണ്ടെന്നുള്ളതും മഴയിൽ പൂക്കച്ചവടത്തെ ബുദ്ധിമുട്ടിലാക്കി.

എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി മഴ അൽപ്പം വിട്ട് നിന്നതോടെ പൂവിപണിയും പതിയെ ഉണർന്നു. മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നെത്തിച്ച ചെണ്ടുമല്ലി, റോസാപൂവ്, അരളി മല്ലിക, എന്നിവയെ തേടി ആളുകളും എത്തി തുടങ്ങി. ഏഴ് ഇനങ്ങൾ അടങ്ങിയ ഒരു കിറ്റ് പൂവിന് 30 രൂപയാണ് ഇപ്പോൾ വില. പക്ഷെ ഓണം അടുത്ത് തുടങ്ങുന്നതോടെ പൂവിന്റെ വിലയും കുതിച്ചുയരും.

 

photo: mathrubhumi