Captain

കേരളത്തിന് കൈതാങ്ങാവാൻ വടകരയിലെ ബസ് ജീവനക്കാരും; ഇന്നത്തെ സർവീസ് പ്രളയ ബാധിതരെ സഹായിക്കാൻ

വടകര: പ്രളയ കെടുതിയിൽ ജീവിതം വഴിമുട്ടിയവർക്ക് താങ്ങാവാൻ, അവരെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്താൻ ബസ് ജീവനക്കാരും. ഇന്ന് താലൂക്കിലെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത് പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈതാങ്ങാവാൻ. ജീവനക്കാരുടെ വേതനവും ഡീസൽചാർജ് കഴിച്ചുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ബസ് ഉടമകളുടെ തീരുമാനം. ഇതിനായി ഉടമകളും ജീവനക്കാരും ഒറ്റക്കെട്ടായുള്ള ശ്രമത്തിലാണ്. വടകരയിൽ നിന്നും തൊട്ടിൽപ്പാലം, തലശ്ശേരി, കൂത്തുപറമ്പ്, കൊയിലാണ്ടി, കോഴിക്കോട് എന്നീ റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകളുടെയെല്ലാം ഇന്നത്തെ ഓട്ടം ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സമാഹരണത്തിനായാണ്.

ബസുകൾക്കു മുൻപിൽ ദുരിതബാധിതർക്ക് കൈത്താങ്ങ് എന്ന് എഴുതിയ ബാനർ വച്ചാണ് ബസുകൾ ഓടുന്നത്. നന്മയുള്ള ഈ പ്രവർത്തനത്തിന് യാത്രക്കരുടെ സഹകരണവും ഉണ്ട്. ചില യാത്രക്കാർ ടിക്കറ്റിന്റെ ബാക്കി തുക വാങ്ങാതെ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാവുമ്പോൾ മറ്റു ചില യാത്രക്കാർ തങ്ങളാൽ കഴിയുന്ന തുക ഇതിനായി നൽകുന്നുമുണ്ട്. ഈ ഉദ്യമത്തെ പരമാവധി വിജയിപ്പിക്കണമെന്ന് തഹസിൽദാർ ടി.കെ. സതീഷ്കുമാർ അഭ്യർഥിച്ചു.

വടകര ഗവ. ആശുപത്രി റോഡിലെ സരോവരം ഹോട്ടൽ ഇന്ന് പ്രവർത്തിക്കുന്നത് ദുരിതബാധിതരെ സഹായിക്കാനാണ്. എല്ലാ ചെലവും കഴിച്ചുള്ള തുക ദുരിതാശ്വാസ ഫണ്ടിലേക്കു നൽകും. നഗരസഭാ കുടുംബശ്രീ (ഈസ്റ്റ്, വെസ്റ്റ്) സമാഹരിച്ച 3,33,700 രൂപ ദുരിതാശ്വാസ ഫണ്ടിലേക്കു നൽകാൻ ജില്ലാ മിഷനെ ഏൽപിച്ചു. വടകര എക്സൽ ആർട്സ് ആൻഡ് ഫൈൻ ആർട്സ് സൊസൈറ്റി (എഫാസ്) ഓണാഘോഷം മാറ്റിവച്ച് ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

വടകര മർച്ചന്റ്സ് അസോസിയേഷൻ, കോടതി ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ കോർട്ട് കോംപ്ലക്സ് റിക്രിയേഷൻ ക്ലബ്, ഗോകുലം പബ്ലിക് സ്കൂൾ, വൈക്കിലശേരി യുപി സ്കൂൾ, മടപ്പള്ളി ജിഎച്ച്എസ്എസ്, യുവ സാംസ്കാരിക വേദി എന്നിവ വിവിധ ക്യാംപുകളിലേക്കു നൽകാൻ അവശ്യവസ്തുക്കൾ ശേഖരിച്ചു. എആർ നഗർ, ജെടിഎസ് നഗർ, പഴങ്കാവ്, വീരോത്ത് മുക്ക്, മേപ്പയിൽ നൻമ, മേപ്പയിൽ ശ്രദ്ധ റസിഡന്റ്സ് അസോസിയേഷനുകൾ ഓണം – ബക്രീദ് പരിപാടി നിർത്തിവച്ചു ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകാൻ തീരുമാനിച്ചു.

എക്സൽ കോളജ് ഓണാഘോഷം ഒഴിവാക്കി ചെലവഴിക്കാനിരുന്ന തുക ദുരിതാശ്വാസ ഫണ്ടിലേക്കു നൽകി. പുതുപ്പണം ഭജനമഠം ദക്ഷിണാമൂർത്തി ക്ഷേത്രം ചതയ ദിനാഘോഷം ലളിതമാക്കി രണ്ടായിരം പേർക്കു നൽകുന്ന സദ്യയുടെ ചെലവ് പ്രളയബാധിതർക്കു നൽകാൻ തീരുമാനിച്ചു. ഇങ്ങനെ കേരളം മുഴുവൻ ഒറ്റ കെട്ടായി നിൽക്കുകയാണ് ദുരിത ബാധിതർക്ക് കൈതാങ്ങാവാൻ. അവരെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാൻ.