Captain

മിഠായി തെരുവിൽ കെട്ടിടത്തിൽ നിന്നും കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നു

കോഴിക്കോട്: നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ മിഠായിതെരുവിലെ കോയൻകോ ബസാർ കെട്ടിടത്തിന് മുകളിലെ കോൺക്രീറ്റ് പാളികൾ അടർന്ന് വീഴുന്നത് ജനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്നു. ഇവിടെ നിന്നും പലതവണയായി കോൺക്രീറ്റ് പാളികൾ മുകളിൽ നിന്ന് പൊളിഞ്ഞ് വീഴുകയാണ്.  ഓരോ തവണയും തലനാരിഴയ്ക്കാണ് ആളുകൾ രക്ഷപ്പെടുന്നത്. എന്നാൽ കെട്ടിട ഉടമകൾ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നില്ലെന്നാണ് മിഠായിത്തെരുവിലെ ചുമട്ടുതൊഴിലാളികളടക്കമുള്ളവരുടെ പരാതി.

ഏത് നിമിഷവും കെട്ടിട ഭാഗങ്ങൾ പൊട്ടി താഴെ വീഴാവുന്ന അവസ്ഥയിലാണ് കെട്ടിടത്തിന്റെ മിക്ക വശങ്ങളും. ഇതിന് വേണ്ട അറ്റകുറ്റപണികൾ ചെയ്യാത്തതാണ് കോൺക്രീറ്റ് പാളികൾ അടർന്നു വീഴാൻ കാരണം. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ  വസ്ത്രമെടുക്കാനും മറ്റുമായി നിരവധിയാളുകളാണ് ദിവസവും എത്തുന്നത്. എന്നാൽ ദിവസം കഴിയുന്തോറും കെട്ടിടം ആളുകളുടെ ജീവന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ബക്രീദും ഒാണവും ഒരുമിച്ച് വരുന്ന ഇത്തവണ പ്രളയകെടുതി കാരണം മിഠായിതെരുവിൽ വലിയ തിരക്കില്ലെങ്കിലും ഇന്നലെ മഴ കുറഞ്ഞതോടെ വരും ദിവസങ്ങളിൽ തിരക്ക് വർധിക്കും.

ഇൗ തിരക്കിന്റെ നല്ലൊരു ശതമാനം കോയൻകോ ബസാറിലും ഉണ്ടാവും. കോയൻകോ ബസാറിൽ മുഴുവനായി പന്തലിടുന്നത് മാത്രമാണ് അപകടക്കെണിയിൽ നിന്നും രക്ഷയാകുന്നത്.
കൂടാതെ കെട്ടിടത്തിന് പിറകുവശത്തായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും ആളുകൾക്ക് ദുരിതമായി മാറുകയാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമാണ് ഇവിടെ നിക്ഷേപിക്കുന്നത്. മാലിന്യം കാരണം രൂക്ഷമായ ഗന്ധമാണ് ഇവിടെ. മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കോർപറേഷൻ പലതവണ കടകൾക്കു നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെയുള്ള മാലിന്യ നിക്ഷേപം തുടരുകയാണ്.