ഇവിടെ, കോഴിക്കോടിന്റെ കിഴക്കേ അറ്റത്ത് കോടപുതച്ചൊരു മലയുണ്ട്‌

കെ. അനൂപ്ദാസ്

”തൊട്ടില്‍പാലത്ത്ന്ന് കുറച്ചേള്ളു, അവിടെത്താറായാല് വിളിച്ചാമതി വഴി പറഞ്ഞുതരാം. ഒരു പ്രശ്നമുള്ളത് മലകയറാന്‍ വനം വകുപ്പിന്റെ അനുമതി വേണം, അത് നിങ്ങള് സംഘടിപ്പിക്ക്.”കൊരണിപ്പാറയിലെത്താനുള്ള വഴികളൊക്കെ വിജിത്ത് അജ്മലിന് കൃത്യമായി പറഞ്ഞുകൊടുത്തിട്ടുണ്ട്. ഇനി രാവിലെ മല കയറണം.

ഡാ നിനക്ക് നോമ്പല്ലെ, മല കയറിയാ പ്രശ്നാവോ?
അതൊന്നും പ്രശ്നല്ല, നമ്മള് കയറുമെന്ന അജ്മലിന്റെ മറുപടിയില്‍ നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.

കൊയിലാണ്ടീന്നാണ് യാത്ര തുടങ്ങുന്നത്.
നിര്‍ത്താതെ മഴ പെയ്യുന്നുണ്ട്,
കോട്ടിടാതെ,
തലയിലൊരു തോര്‍ത്തുംകെട്ടി,
പള്‍സറിലൊരു മഴയാത്ര!

മഴകൊണ്ട് സുന്ദരിയായ മുത്താമ്പിപുഴയുടെ മുകളിലൂടെ വൈദ്യരങ്ങാടിക്ക്.
പാതയ്ക്കിരുവശവും പൂത്തുനില്‍ക്കുന്ന മണിമരുതും തുള്ളിയായ് പെയ്തിറങ്ങുന്ന മഴത്തുള്ളികളും. നടുവണ്ണൂരിന്ന് പേരാമ്പ്രയിലേക്ക്.അവിടുന്ന് കുറ്റ്യാടിയിലെത്തണം. വയനാട് റൂട്ടില്‍ നാല് കിലോമീറ്റര്‍ കൂടി പോയാല്‍ തൊട്ടില്‍ പാലം.

തൊട്ടില്‍പാലത്തേക്കുള്ള യാത്രയ്ക്കിടെയാണ് റോഡരികിലെ മാങ്ങാവില്‍പന ശ്രദ്ധയില്‍പെട്ടത്. മലമുകളീന്ന് കഴിക്കാലോന്ന് കരുതി മൂന്ന് ഒളോറ്മാങ്ങ വാങ്ങി,

ഏട്ടാ, ഈ മാങ്ങ നാടനാ?
ആണല്ലൊ, !!!
ഒളോറ് മാങ്ങ നാടന്‍ മാത്രല്ലേ ഉണ്ടാകൂ?
ആണോ?
അല്ലെ?

ആകെ സംശയം..
ആ, എന്തേലുമാകട്ടെ
യാത്ര തുടര്‍ന്നു…

വയനാട് റോഡില്‍ തന്നെ മൂന്നാംകൈ എത്തി. ഇടത്തോട്ടുള്ള റോഡിലേക്ക്, കരിങ്ങാട് റോഡ്, ഇനി കയറ്റമാണ് നാലഞ്ച് കിലോമീറ്റര്‍ കയറണം. ഗ്രാമ്പുവും ജാതിക്കയും കൃഷിചെയ്ത തോട്ടത്തിനിടയില്‍ ഇടയ്ക്കിടെ വീടുകളുണ്ട്.
ഒറ്റയൊറ്റയായ് ചില ഇരുചക്രവാഹനങ്ങളും ജീപ്പുമല്ലാതെ മറ്റ് വാഹനങ്ങളൊന്നും മലകയറുന്നില്ല. വലതുഭാഗത്തുകൂടെ സുന്ദരമായ ഒരരുവി ഒഴുകുന്നുണ്ട്. കുറ്റ്യാടിപുഴയെ പുല്‍കാന്‍, അതിവേഗതയില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവി കൊരണപ്പാറയുടെ സമീപത്തുനിന്നാണ് ഉറവയെടുക്കുന്നത്. പറയുമ്പോ പള്‍സര്‍ 150 ആണെങ്കിലും കരിങ്ങാട്ടെ കയറ്റംകയറാന്‍ മൂപ്പര് കുറച്ച് ബുദ്ധിമുട്ടി.


ഏങ്ങിവലിച്ച് മലകയറിയെത്തിയ ക്ഷീണവും വിശപ്പുമൊക്കെച്ചേര്‍ന്ന് തളര്‍ന്നപ്പോ ഉച്ചഭക്ഷണം കരിങ്ങാട്ട്ന്ന് ആക്കാന്നുകരുതി. അന്വേഷിച്ചപ്പോ ഒരു ഹോട്ടല്‍ മാത്രമേ ഇവിടുള്ളു. ആളുകള്‍ അധികം എത്തിപ്പെടാത്ത സ്ഥലമായതിനാല്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തവര്‍ക്കുമാത്രമേ ചോറു വെക്കാറുള്ള. ഉള്ളചോറ് തീരുകേം ചെയ്തു. മുകളിലോട്ട് കടകളൊന്നുമില്ലാത്തതിനാല്‍ ഉള്ളത് കഴിക്കുകയല്ലാതെ വേറെ മാര്‍ഗമൊന്നുമില്ല.
റംസാന്‍ നോമ്പ് നോറ്റ അജ്മലിന് അതിനും വഴിയില്ലാത്തോണ്ട് മേശപ്പുറത്ത് അട്ടിയിട്ട ദേശാഭിമാനി ആഴ്ചപ്പതിപ്പും വായിച്ച് അവനവിടിരുന്നു. രാവിലത്തെ പൂരി, കുടംപുളിയിട്ടുവെച്ച ഉച്ചക്കത്തെ മത്തിക്കറിയും കൂട്ടി ആസ്വദിച്ച് കഴിക്കുമ്പോഴാണ് ആ നോട്ടം ശ്രദ്ധിച്ചത്. ഏതാണ്ട് അറുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന, ലുങ്കിയും ഷര്‍ട്ടും ധരിച്ച, പ്രദേശവാസിയാണ് എന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്നൊരാള്‍ ഞങ്ങളെ തന്നെ സൂക്ഷ്മമായി നോക്കുന്നു. അധികം വൈകാതെ അദ്ദേഹം, പ്രതീക്ഷിച്ച ആ ചോദ്യം ചോദിച്ചു.

എവിടുന്നാണ്?
കൊയിലാണ്ടീന്ന് ഇവിടെ?
കൊരണപ്പാറയില്‍ പോകാന്‍ വന്നതാണ് എന്താ പരിപാടി?
പത്രക്കാരാണ്.

ഇത് കേട്ടപ്പൊ മൂപ്പരുടെ മുഖമൊന്നു തെളിഞ്ഞു. പിന്നെ കൊരണപ്പാറയുടെയും കരിങ്ങാടിന്റേയും വിശേഷങ്ങളുമായി മൂപ്പര് ഒപ്പം കൂടി. വഴിയെയും, നക്ഷത്രമുക്കിലെ വായനശാലയെയും കൊരണപ്പാറയിലെ നെല്ലിതൈകളെയും കുറിച്ചൊക്കെ വാചാലനായ ആ ചുറുചുറുക്കുള്ള മനുഷ്യന്റെ പേര് രാഘവനെന്നാണ്. രാഘവേട്ടനോട് യാത്ര പറഞ്ഞ് വീണ്ടും മലകയറ്റം തുടങ്ങിയപ്പോഴാണ് പഴയ മാവോയിസ്റ്റ് കഥകള്‍ ഓര്‍മവന്നത്. ആയുധധാരികളായ മാവോയിസ്റ്റുകളില്‍ ചിലര്‍ വന്നു എന്നു പറയപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് കൊരണപ്പാറ ഉള്‍പ്പെടുന്ന കാവിലും പാറ. അതുകൊണ്ട് അപരിചിതരെ കാണുമ്പോള്‍ ചില അന്വേഷണങ്ങള്‍ സ്വാഭാവികമാണല്ലൊ.

ഒരു കിലോ മീറ്റര്‍ കൂടി കയറണം. നക്ഷത്ര മുക്കിലെത്തിയാല്‍ ഇടത്തോട്ടുള്ള വഴിയാണ്. വഴിയില്‍ പാതിയിലധികം പിന്നിടേണ്ടത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടിയായതിനാല്‍, നക്ഷത്രമുക്കിലെ വായനശാലയ്ക്ക് സമീപമുള്ള വീട്ടില്‍ നിന്ന് ഗെയ്റ്റിന്റെ ചാവി വാങ്ങി യാത്ര തുടര്‍ന്നു. വനം വകുപ്പിലെ, കുറ്റ്യാടി റെയ്ഞ്ച് ഓഫീസര്‍ മുന്‍കൂട്ടി പറഞ്ഞതിനാല്‍ യാത്രാ അനുമതിക്ക് പ്രശ്നമുണ്ടായില്ല.

കഷ്ടിച്ച് ഒരു ജീപ്പിന് പോകാന്‍ കഴിയുന്ന കല്ലുപാകിയ പാതയാണ്. ആള്‍പെരുമാറ്റം കുറവായതിനാല്‍ വഴിയുടെ ഇരു വശത്തും കുറ്റിക്കാടുകളുണ്ട്. ഒരു കിലോമീറ്റര്‍ പോകുമ്പോഴേക്കും തുടങ്ങി കാഴ്ചയുടെ ഉത്സവം. കോടയിറങ്ങിയ വഴികളില്‍ രണ്ടുമീറ്ററിനപ്പുറത്തേക്ക് മുന്നോട്ട് ഒന്നും കാണാത്തതിനാല്‍ വണ്ടി സാവധാനമാണ് ഓടിക്കുന്നത്. ഇടയ്ക്ക് വലിയൊരു പാറക്കെട്ടിനടുത്തെത്തിയപ്പോഴേക്കും താഴെ മേഘങ്ങള്‍ പോലെ കോട വിരുന്നു തീര്‍ത്തിരുന്നു. വണ്ടി സൈഡിലാക്കി നിര്‍ത്തി മലകയറ്റം തുടങ്ങി. പരസ്പരം കാണാന്‍പറ്റാത്ത നിലയില്‍ കോട ഞങ്ങളെ മൂടിക്കൊണ്ടിരുന്നു. രണ്ട് കുന്നുകള്‍ കയറണം. ആദ്യത്തെ മലയെ വേണമെങ്കില്‍ ഒഴിവാക്കി മറ്റൊരു വഴിയെ പോകാം. പക്ഷേ ഞങ്ങള് രണ്ട് മലയും കയറാനുറച്ചു. പാറക്കെട്ടുകളും വലിയതല്ലാത്ത മരങ്ങളുംകൊണ്ട് അനുഗ്രഹീതമായ ആദ്യത്തെ ചെറിയമല കയറിയിറങ്ങി. ഇനിയാണ് ശരിക്കുള്ള കയറ്റം.


പാറക്കെട്ടുകള്‍ക്കും കുത്തനെയുള്ള കയറ്റങ്ങള്‍ക്കുമിടയിലുള്ള ഒറ്റയടിപ്പാത. ആളുകള്‍ ഏറെയൊന്നും വന്നുപോകാത്തതിന്റെ ഗുണം കൊരണപ്പാറയ്ക്കുണ്ട്. ഒറ്റയടിപാതതന്നെ സുന്ദരമാണ്,
വിടാതെ പിന്തുടര്‍ന്ന കോട മനം കുളിര്‍പ്പിച്ചുകൊണ്ടിരിന്നു.

തളരാതെ, പതിഞ്ഞതാളത്തില്‍ കയറ്റംകയറി മുകളിലെത്തിയപ്പോള്‍ അവിടെ കാത്തിരുന്നത് അതിമനോഹര കാഴ്ചകള്‍.

നോക്കെത്താ ദൂരത്തോളം പടര്‍ന്നുകിടന്ന പച്ചപ്പിനെ മറച്ച മേഘക്കൂട്ടം, ചെവിയിലിറച്ചെത്തിക്കൊണ്ടിരിക്കുന്ന കാറ്റിന്റെ താളം, വാക്കുകള്‍ക്കതീതമായി അനുഭൂതി പകര്‍ന്നുകൊണ്ടിരിക്കുന്ന കോട, ഇത്ര സുന്ദരമായ വിരുന്ന് പ്രതീക്ഷിച്ചല്ല മലകയറിയത്. അതുകൊണ്ടായിരിക്കാം ആസ്വാദനത്തിന് മധുരമേറിയത്.

വഴി: കോഴിക്കോട്-പേരാമ്പ്ര-കുറ്റ്യാടി-തൊട്ടില്‍പാലം-മൂന്നാംകൈ-കരിങ്ങാട്-കൊരണപ്പാറ.