കോഴിക്കോടിന്റെ അഭിമാനമായി മജ്‌സിയ ഭാനു; ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പ് നേടിയ കേരളത്തിന്റെ പെണ്‍കരുത്ത്

കോഴിക്കോട്: ഇത് മജ്‌സിയ ഭാനു, ഇത്തവണത്തെ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പ് പട്ടം നേടിയ കേരളത്തിന്റെ പെണ്‍കരുത്ത്. പെരുപ്പിച്ച പേശികള്‍ വിജയിയെ തീരുമാനിക്കുന്ന മല്‍സരത്തില്‍ ഹിജാബ് ധരിച്ചെത്തിയ മിടുക്കി. കോഴിക്കോടിന്റെ അഭിമാനമായ ഓര്‍ക്കാട്ടേരി സ്വദേശി മജിസിയ ഭാനു എന്ന ‘സ്‌ട്രോങ് വുമണ്‍’. ഒറ്റ വര്‍ഷത്തിനിടെ മജ്‌സിയ സ്വന്തമാക്കിയത് ഒത്തിരി നേട്ടങ്ങള്‍, മൂന്നു തവണ കേരള സ്റ്റേറ്റ് പവര്‍ലിഫ്റ്റിങ് അസോസിയേഷന്‍ ‘സ്‌ട്രോങ് വുമണാ’യി തിരഞ്ഞെടുത്ത മജിസിയ ഭാനു 2017ലെ ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡലും സ്വന്തമാക്കി. പവര്‍ലിഫ്റ്റിങ് ദേശീയസംസ്ഥാനതല മത്സരങ്ങളില്‍ ഒട്ടേറെ മെഡലുകളും നേടി. കോഴിക്കോട്ടെ ഒരു കൊച്ചുഗ്രാമത്തില്‍നിന്നു യാത്ര തുടങ്ങിയ മജീസിയ എന്ന തട്ടമിട്ട മൊഞ്ചത്തി പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ലോകകിരീടം എന്ന സ്വപ്‌നത്തിലേക്കാണ് കുതിച്ചുയരുന്നത്.

Image result for majsiya banu

ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ അപ്രതീക്ഷിത അരങ്ങേറ്റമായിരുന്നു മജിസിയയുടേത്. ആലപ്പുഴയിലേക്കുള്ള യാത്രക്കിടെ പ്രതിശ്രുത വരന്‍ വഴിയാണ്ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിനെ പറ്റി അറിഞ്ഞത്. അധികമൊന്നും ആലോചിച്ചില്ല. എല്ലായിടത്ത് നിന്നും ലഭിച്ച പൂര്‍ണ പിന്തുണ ഊര്‍ജ്ജമാക്കി മത്സരത്തിനെത്തി. 24ന് നടന്ന പ്രാഥമിക റൗണ്ട് മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ബോഡി ബില്‍ഡിങ് മത്സരത്തെ കുറിച്ച് വലിയ ധാരണകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഫൈനലിലെത്താന്‍ അതൊന്നും തടസ്സമായില്ല. പിറ്റേന്ന് ആലപ്പുഴയില്‍ നടന്ന ബെഞ്ച് പ്രസ് മല്‍സരത്തില്‍ സീനിയര്‍ വനിതകളുടെ 52 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ബെസ്റ്റ് ലിഫ്റ്റര്‍ പട്ടവും നേടിയ ശേഷം ഫൈനല്‍ മത്സരത്തിനായി വീണ്ടും കൊച്ചിയിലെത്തി. ഒഫീഷ്യല്‍സിന്റെയും സഹതാരങ്ങളുടെയും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഫൈനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കി. ബോഡി ബില്‍ഡിങിലെ സ്ഥിര സാനിധ്യമായ ആറു പേരെ പിന്തള്ളിയായിരുന്നു മജിസിയയുടെ നേട്ടം.

കൊച്ചിയില്‍ നടന്ന മിസ്റ്റര്‍ കേരള ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ചാണ് വനിതകള്‍ക്കായി രണ്ടു വിഭാഗങ്ങളില്‍ നടത്തിയ മത്സരത്തില്‍ വിമന്‍സ് മോഡല്‍ ഫിസിക് വിഭാഗത്തിലായിരുന്നു ബി.ഡി.എസ് വിദ്യാര്‍ഥിനിയായ മജിസിയയുടെ അപ്രതീക്ഷിത കിരീട നേട്ടം. ഹിജാബ് ധരിച്ച് മത്സരത്തില്‍ പങ്കെടുത്ത താരം കാണികളുടെ നിറഞ്ഞ കയ്യടി നേടുകയും ചെയ്തു.

 

 

ബോക്‌സിങ് പഠിക്കണമെന്നായിരുന്നു മജിസിയയുടെ ആഗ്രഹം. പക്ഷേ പരിശീലകന്‍ രമേശാണു പറഞ്ഞതു പവര്‍ലിഫ്റ്റിങ്ങാണു മജിസിയയുടെ മേഖലയെന്ന്. അങ്ങനെ ആഴ്ചയിലൊരിക്കല്‍ കോഴിക്കോടെത്തി കോച്ച് ജയദാസിനു കീഴില്‍ പവര്‍ലിഫ്റ്റിങ് പരിശീലനം. കോഴിക്കോട് ജില്ലാ പവര്‍ലിഫ്റ്റിങ് അസോസിയേഷന്റെ മികച്ച വനിതാ കായികതാരത്തിനുള്ള 2017ലെ പുരസ്‌കാരവും മജിസിയയ്ക്കായിരുന്നു. വടകരയിലെ ഹാംസ്ട്രിങ് ഫിറ്റ്‌നസ് സെന്ററില്‍ ഷമ്മാസ് അബ്ദുല്‍ ലത്തീഫിന്റെ കീഴിലാണു ബോഡി ബില്‍ഡിങ് പരിശീലനം.

ഒന്നര വര്‍ഷം മുമ്പ് പവര്‍ലിഫ്റ്റിങില്‍ പരിശീലനം തുടങ്ങിയ താരം കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി. പോയ വര്‍ഷം ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡലാണ് പ്രധാനം. കാശ്മീരില്‍ നടന്ന ദേശീയ അണ്‍ എക്യുപ്ഡ് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലും ആലപ്പുഴയില്‍ നടന്ന ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലും വെള്ളി നേടി. അഞ്ചു തവണ കോഴിക്കോട് ജില്ലാ സ്ട്രോങ് വുമണ്‍ പട്ടവും ഷെല്‍ഫിലാക്കി. പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലെ ലോക കിരീടമാണ് സ്വപനവും ലക്ഷ്യവും. നേട്ടങ്ങളുടെ നെറുകയിലെത്തുമ്പോഴും വിശ്വാസത്തിന്റെ കാര്യത്തിലും മജിസിയ സ്ട്രോങാണ്. ഹിജാബ് ധരിച്ചാണ് എല്ലാ മത്സരങ്ങളിലും പങ്കെടുക്കുന്നത്. കോഴിക്കോട് വടകര ഓര്‍ക്കാട്ടേരി കല്ലേരി മോയിലോത്ത് വീട്ടില്‍ അബ്ദുല്‍ മജീദിന്റെയും റസിയയുടെയും മകളാണ്. മാഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി.