കൊല്ലാന്‍ തന്നെയാണ് ഷുഹൈബിനെ ആക്രമിച്ചതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പ്രതികള്‍ ആക്രമിച്ചതെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊല്ലാനല്ല, കാലുവെട്ടാനായിരുന്നു പദ്ധതിയെന്ന് പ്രതികള്‍ പറഞ്ഞതായാണ് കഴിഞ്ഞ ദിവസം പോലീസ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിന് വിപരീതമാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.

ചായക്കടയില്‍ ഇരിക്കുകയായിരുന്ന ഷുഹൈബിനേയും മറ്റ് മൂന്നു സുഹൃത്തുക്കളേയും നമ്പര്‍ പതിക്കാത്ത വെളുത്ത നിറത്തിലുള്ള കാറില്‍ വന്ന സി.പി.എം കാരായ നാല് പ്രതികള്‍ വാള്‍, ബോംബ് എന്നിവയുമായി വന്ന് തടഞ്ഞ് വെച്ച് ബോംബ് എറിയുകയും വാള് കൊണ്ട് ഷുഹൈബ് എന്നയാളെ വെട്ടിക്കൊല്ലുകയും തടയാന്‍ ചെന്ന മറ്റുള്ളവരെ ബോംബെറിഞ്ഞ് വെട്ടിക്കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പരിക്കേല്‍ല്‍പ്പിക്കുകയും ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒരു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും മറ്റ് ശാസ്ത്രീയ പരിശോധനകള്‍ നടത്തിയുമാണ് രണ്ട് പ്രതികളെ പിടികൂടിയതെന്നും ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റു പ്രതികളുടെ സഹായം ലഭിച്ചതായി മനസിലായെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇടയന്നൂര്‍ സ്‌കൂളില്‍ കെഎസ് യു-എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ ഇടപെട്ടതിലുള്ള വിരോധമാണ് കൊലയ്ക്കുള്ള കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*