ഐ ലീഗ് വിപ്ലവം: ഈസ്റ്റ് ബംഗാളിനേയും നിലംപരിശാക്കി ഗോകുലം എഫ് സി

കല്‍ക്കത്ത: ഐലീഗിലില്‍ അട്ടിമറി ആവര്‍ത്തിച്ച് ഗോകുലം എഫ്‌സി. മറ്റാരു കൊല്‍ക്കത്തന്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെതിരെയാണ് ഗോകുലം കേരള എഫ്‌സി തകര്‍ത്തത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 21നാണ് ഗോകുലം ജയിച്ച് കയറിയത്.

കഴിഞ്ഞ മത്സരത്തില്‍ ഐ ലീഗ് വമ്പന്മാരായ മോഹന്‍ ബഗാനെ തകര്‍ത്തതിനു പുറമേയാണ് കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംഗാളും കേരളത്തിനു മുന്നില്‍ അടിയറവു പറഞ്ഞത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ ഗോകുലം ഉണ്ടാക്കിയെടുത്തെങ്കിലും ആദ്യം മുന്നിലെത്തിയത് ഈസ്റ്റ് ബംഗാളായിരുന്നു..

ആദ്യ പകുതിയുടെ അവസാന നിമിഷത്തിലാണ് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയത്. പെനാല്‍ട്ടിയിലൂടെ കാറ്റ്‌സുമി യൂസയാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി ഗോള്‍ നേടിയത്. ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുന്ന ഗോകുലത്തെയാണ് കാണാന്‍ കഴിഞ്ഞത്. അതിന്റെ ഫലമായി 49ആം മിനുട്ടില്‍ കിവി ഷിമോമി ഗോകുലത്തിനായി ഈസ്റ്റ് ബംഗാളിന്റെ വല കുലുക്കി.

86ആം മിനുട്ടില്‍ സലാം സിംഗിന്റെ സെല്‍ഫ് ഗോളിലൂടെ ഗോകുലം വീണ്ടും മുന്നിലെത്തിയത്. കേരള താരം മുഹമ്മദ് ഇര്‍ഷാദിനും ഈസ്റ്റ് ബംഗാള്‍ നായകന്‍ അര്‍ണബ് മൊണ്ടലിനും അവസാന നിമിഷത്തില്‍ ചുവപ്പുകാര്‍ഡ് ലഭിച്ചു. ജയത്തോടെ ആദ്യ ആറു സ്ഥാനത്തിലെത്തി സൂപ്പര്‍ കപ്പിനു യോഗ്യത നേടാമെന്ന പ്രതീക്ഷ ഗോകുലം സജീവമാക്കി. പതിനാലു മത്സരങ്ങളില്‍ നിന്നും പതിനാറു പോയിന്റോടെ നിലവില്‍ എട്ടാം സ്ഥാനത്താണ് ഗോകുലം കേരള എഫ് സി.

ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലകര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന പോരാട്ടം എന്ന പ്രത്യേകതയും ഗോകുലംഈസ്റ്റ് ബംഗാള്‍ മത്സരത്തിനുണ്ടായിരുന്നു. ഒടുവില്‍ ഖാലിദ് ജമീലിന്റെ തന്ത്രങ്ങള്‍ക്ക് ബിനോ ജോര്‍ജ്ജ് കൂച്ചുവിലങ്ങിട്ടു ജയം സ്വന്തമാക്കുകയായിരുന്നു. 15 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.