വടകര ജെ.ടി. റോഡിലെ മാലിന്യസംഭരണകേന്ദ്രം: സമരപ്പന്തല്‍ തകര്‍ത്തു, പ്രതിഷേധം ശക്തമാകുന്നു

വടകര: മാലിന്യസംഭരണകേന്ദ്രത്തിനെതിരെ വടകര ജെ.ടി.റോഡിലെ പൗരസമിതി കെട്ടിയ സമരപ്പന്തല്‍ തകര്‍ത്ത നിലയില്‍. വെള്ളിയാഴ്ച രാവിലെ നഗരസഭ ജീവനക്കാരുടെയും പൊലീസി?െന്റയും ഒത്താശയോടെയാണ് പന്തല്‍ തകര്‍ത്തതെന്നാണ് ആക്ഷേപം. ഇവിടെ കേന്ദ്രം അനുവദിക്കില്ലെന്ന് വ്യക്തമാക്കി പൗരസമിതി രണ്ടാഴ്ചയിലേറെയായി റിലേ സത്യഗ്രഹം നടത്തിവരുകയാണ്. ഇതിനുവേണ്ടി കെട്ടിയ പന്തലാണ് തകര്‍ത്തത്. മാലിന്യസംഭരണകേന്ദ്രം ഒരുക്കുന്നതിന് ഇന്റര്‍ലോക്ക് അടക്കമുള്ള സാധനങ്ങളുമായി എത്തിയ ലോറി നഗരസഭ ജീവനക്കാരുടെ ഒത്താശയോടെ പന്തലിലേക്ക് കയറ്റിവിട്ട് തകര്‍ക്കുകയായിരുന്നുവെന്ന് സമരസമിതിക്കാര്‍ പറയുന്നു. ഈ സമയം സമരക്കാര്‍ ഉണ്ടായിരുന്നില്ല.

അതുവരെ ഇവിടെയുണ്ടായിരുന്ന പൊലീസ് മാറിയ നേരത്താണ് ഈ അതിക്രമം. വിവരമറിഞ്ഞ് പൗരസമിതി പ്രവര്‍ത്തകരും നാട്ടുകാരും തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാര്‍ ലോറിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടെടുത്തു. ലോറിഡ്രൈവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ലോറി തടഞ്ഞു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ലോറി ൈഡ്രവര്‍ക്കെതിരെ കേസെടുത്തു. പൗരസമിതിയുടെ ആവശ്യപ്രകാരം പന്തല്‍ പുനര്‍നിര്‍മിക്കുകയും ചെയ്തു. നഗരസഭയുടെ നിലപാട് ന്യായമായ ആവശ്യത്തിന് സമരം ചെയ്യുന്നവരോടുള്ള വെല്ലുവിളിയാണെന്ന് പൗരസമിതി അഭിപ്രായപ്പെട്ടു. അക്രമത്തിനെതിരെ പൗരസമിതി നേതാക്കള്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. പ്രകടനത്തിന് സമരസമിതി ചെയര്‍മാന്‍ പി.എസ്. രഞ്ജിത്ത്കുമാര്‍, വേണുനാഥന്‍, വി.കെ. അസീസ്, യൂനുസ്, എം. ഫൈസല്‍, ഷാജഹാന്‍, അന്‍സാര്‍ മുകേച്ചരി, ഷംസുദ്ദീന്‍, മുഹമ്മദ്, റാജിസ് മുക്കൊലക്കല്‍, ഹംസ, കൗണ്‍സിലര്‍മാരായ പി. സഫിയ, എന്‍.പി.എം നഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

*