മികച്ച ഗ്രാമ പഞ്ചായത്തായി നാദാപുരം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

നാദാപുരം: കോഴിക്കോട് ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തായി നാദാപുരം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് പ്രസിഡന്റ് എം.കെ. സഫീറയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിക്കും ജീവനക്കാര്‍ക്കുമുള്ള അംഗീകാരമായി. പദ്ധതി പ്രവര്‍ത്തനങ്ങള്‍, നികുതി പിരിവ്, ഓഫിസ് പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമത, സേവന പ്രവര്‍ത്തനങ്ങളിലെയും ഓഫിസ് സംവിധാനത്തിലെയും കുറ്റമറ്റ രീതി, സാക്ഷരതാ കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലെയും പാലിയേറ്റീവ് രംഗത്തെയും ആരോഗ്യ ശുചിത്വ മേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ മുന്‍ നിര്‍ത്തിയാണ് ബഹുമതി.

സി.വി. കുഞ്ഞികൃഷ്ണന്‍ വൈസ് പ്രസിഡന്റും മുഹമ്മദ് ബംഗ്ലത്ത്, ബീന അണിയാരി, ടി.കെ. സുബൈദ എന്നിവര്‍ സ്ഥിരംസമിതി അധ്യക്ഷരുമായ ഭരണസമിതിയുടെ ഇപ്പോഴത്തെ സെക്രട്ടറി പി. എം. സുരേഷ് ബാബുവാണ്. എം.പി. റജുലാല്‍, മുഹമ്മദ് ഷഫീഖ്, വിനോദ് കൃഷ്ണന്‍ എന്നിവര്‍ സെക്രട്ടറിമാരായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിയാണ് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയത്. അഞ്ചു ലക്ഷം രൂപയും ട്രോഫിയുമാണ് പഞ്ചായത്തിന് ലഭിക്കുക.