വടകരയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍; സത്യാവസ്ഥ എന്ത്

എന്‍.വി ബാലകൃഷ്ണന്‍

വടകര കോട്ടപ്പറമ്പില്‍ കഴിഞ്ഞ ദിവസം സംഭവിച്ച്ത്,  ജനങ്ങളാകെ ദുഖവും ഭയവും ക്ഷോഭവും സഹിക്കാനാകാതെ പരസ്പരം വികാരാധീനരായി സംസാരിക്കുന്നു. കാര്യം തിരക്കിയപ്പോള്‍ ഒരു കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീ തന്റെ ആക്രി പെറുക്കുന്ന ചാക്കിലെടുത്തിട്ട് ഓടിപ്പോയെന്നും അവരെ നാട്ടുകാര്‍ പിടികൂടി കുട്ടിയെ രക്ഷിച്ച്, ഇപ്പോള്‍ പോലീസിന് കൈമാറിയെന്നുമൊക്കെ പലരായി പറഞ്ഞറിഞ്ഞു. കൂടുതലന്വേഷിച്ചപ്പോഴാണ് വിവരങ്ങളെല്ലാമറിയുന്ന ഒരദ്ധ്യാപകനെ പരിചയപ്പെടാനായത്.അദ്ദേഹം പറഞ്ഞതിങ്ങനെ: ഈ പ്രചരിക്കുന്നതൊന്നും വാസ്തവമല്ല. എല്ലാമറിയുന്ന എന്നെ പറയാനാരും സമ്മതിക്കുന്നില്ല. ഓരോരുത്തരം വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്നു.സ്‌കൂളിലെ ഏഴാംതരത്തില്‍ പഠിക്കുന്ന ഒരു കൊച്ചു മിടുക്കി വീട്ടില്‍ നിന്ന് ഏതോ ചില ഗുളികള്‍ എടുത്തു കഴിച്ചതായി മറ്റ് കുട്ടികള്‍ അദ്ധ്യാപകനോട് പറഞ്ഞു. കുട്ടിയോട് കാര്യം തിരക്കുന്നതിനിടയില്‍ അവള്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങി ഓടി. അവളെ പിന്തുടര്‍ന്ന് പിടികൂടി ആശുപത്രിയില്‍ കൊണ്ടുപോയി. രക്ഷിതാവിനെ വിവരം അറിയിച്ചു.കൂട്ടിക്ക് കുഴപ്പമൊന്നുമില്ലന്ന് ഡോക്ടറും പറഞ്ഞു. ഇത്രയേ സംഭവിച്ചിട്ടുള്ളൂ. ഇതിനിടയില്‍ പിടികൂടപ്പെട്ട ഇതര സംസ്ഥാന സ്ത്രിയുടേതന്ന മട്ടില്‍, ചിത്രങ്ങള്‍ സഹിതം വാര്‍ത്ത ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമൊക്കെ നിറഞ്ഞു.

. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയിട്ടുണ്ടന്നും അവരെ ആട്ടിയകറ്റി നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കണമെന്നുമൊക്കെ വ്യാപകമായ പ്രചാരണം നടക്കുന്നു..
ഇത് 100 ശതമാനം നുണയാണന്ന് പോലീസ് അധികൃതര്‍ പറയുന്നു. ഇതര സംസ്ഥാനക്കാര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി യാതൊരു വിവരവും പോലീസിനില്ല. അത്തരത്തില്‍ കേസ്സുകളുമില്ല. എന്നാല്‍ കുട്ടികളെ ധാരാളമായി കാണാതാവുന്ന സംഭവങ്ങളുണ്ട്. അവരില്‍ 95% തിരിച്ചെത്തുന്നുമുണ്ട്. തിരിച്ചെത്തുന്നവര്‍ പറയുന്നത് തങ്ങള്‍ സ്വമേധയാ നാടുവിട്ടതാണ് എന്നാണ്.ഇവരില്‍ വലിയൊരു ശതമാനം പഠനഭാരം താങ്ങാനാവാതെ നാടുവിടുന്നവരാണ്.കുട്ടികള്‍ക്ക് പരസ്പരം കൂട്ടുകൂടാനും കളിക്കാനും ഒന്നും സമയം നല്‍കാതെ, ഇടാമിടുക്കില്‍ ഇട്ട പശുവിനെപ്പോലെ, അനങ്ങാന്‍ സമ്മതിക്കാതെ, ഒരു മിനിട്ടുപോലും വിശ്രമമില്ലാതെ പഠിപ്പിക്കുന്നു. രക്ഷിതാക്കളുടെ നടക്കാതെ പോയ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള പാവകളായി മക്കളെ കാണുന്നു.അവര്‍ വലിയ പഠിപ്പിസ്റ്റുകളായി വളരുന്നുണ്ടാവും. പക്ഷേ മനുഷ്യരായി തീരുന്നില്ല.ചിലര്‍ പ്രണയനൈരാശ്യം കൊണ്ട് നാടുവിടുന്നവരാണ്.കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടത് ഒരു ആറാംതരക്കാരനെ തീവണ്ടിയില്‍ നിന്ന് പോലീസ് പിടികൂടിയ വാര്‍ത്തയാണ്.ഇഷ്ടന്‍ തന്റെ ക്ലാസിലെ ഒരു മിടുമിടുക്കിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി.അവള്‍ കൈയ്യോടെ നിരസിച്ചു.അതില്‍ നിരാശനായി നാടുവിട്ടതാണ് മൂപ്പര്‍.കൊയിലാണ്ടിയിലെ ഒരു വക്കിലിന്റെ മകള്‍, അഞ്ചാം ക്ലാസുകാരി, തന്റെ കൂട്ടുകാരിയോടൊപ്പം തീവണ്ടി കാണാന്‍ സ്റ്റേഷനിലെത്തി. വണ്ടി പ്‌ളാറ്റ്‌ഫോമില്‍ നിന്നപ്പോള്‍ രണ്ടു പേരും അതില്‍ കയറി കോഴിക്കോട് വരെ യാത്ര ചെയ്തു. അവിടെ നിന്ന് തിരിച്ച് മറെറാരു വണ്ടിക്ക് കൊയിലാണ്ടിയില്‍ തിരിച്ചെത്തി.അവരവരുടെ വീടുകളിലേക്ക് പോയി. കുട്ടികള്‍ പറഞ്ഞപ്പോഴെ വീട്ടുകാര്‍ വിവരമറിഞ്ഞുള്ളൂ. അത്ര മിടുക്കന്മാരും മിടുക്കികളുമാണ് നമ്മുടെ കുട്ടികള്‍.

ലൈംഗിക അതിക്രമങ്ങള്‍ മയക്കുമരുന്ന് വില്പന എന്നിവക്കൊക്കെ കുട്ടികളെ ധാരാളമായി ഉപയോഗിക്കുന്നു. ഇതും കുട്ടികളുടെ തിരോധാനത്തിന് കാരണമാകുന്നു. പക്ഷേ ഇതൊന്നും ചെയ്യുന്നത് ഇതര സംസ്ഥാനക്കാരല്ല. കൗമാരക്കാരായ കുട്ടികളെ പലതരത്തിലുള്ള സമ്മാനങ്ങള്‍ നല്‍കിയും പ്രലോഭിപ്പിച്ചും ലൈംഗികതൃഷ്ണ ഉണര്‍ത്തിയും പാട്ടിലാക്കി, എവിടെ നിന്നെങ്കിലും യൂണിഫോം അഴിച്ച് കളര്‍ വസ്ത്രം ധരിപ്പിച്ച് കൊണ്ടു പോയി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നത് നിത്യസംഭവമായി തീര്‍ന്നിരിക്കുന്നു..തുഷാരഗിരി പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇങ്ങനെ എത്തപ്പെടുന്ന ഇരട്ടകളെ ധാരാളമായി കാണാം.ഇത് ചെയ്യുന്നത് പലപ്പോഴും മുതിര്‍ന്നവരാണ്. അയല്‍വാസികള്‍, കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ടവര്‍ എന്നിവരാണ് പ്രധാന വില്ലന്മാര്‍. അവിടേയും ഇതര സംസ്ഥാനക്കാരല്ല ഉത്തരവാദികള്‍.കുട്ടികളില്‍ കുറ്റവാസന പെരുകുന്നതിനും ചെറുപ്പത്തിലെ മുതിര്‍ന്നവരെ പോലെ മദ്യ-ലഹരി ഉപഭോഗം, അതി ലൈംഗികത (ഒ്യുലൃ ങമൗേൃശ്യേ) എന്നിവക്ക് അടിപ്പെടുന്നതിനും മുതിര്‍ന്നവര്‍ തന്നെയാണ് കാരണക്കാര്‍ എന്നു് പഠനങ്ങള്‍ പറയുന്നു. നാം അവരുടെ നൈസര്‍ഗികമായ കുട്ടിത്ത ജീവിതം നിഷേധിച്ച്, നമുക്ക് നടക്കാതെ പോയ നമ്മുടെ ആഗ്രഹങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള പാവകളായി പെരുമാറുമ്പോഴാണ് കുട്ടികള്‍ വഴിപിഴക്കുന്നത്. അമേരിക്കയില്‍ കുട്ടികള്‍ തോക്കുമായി വന്ന് അദ്ധ്യാപകരേയും മറ്റുള്ളവരേയും കൂട്ടക്കൊല നടത്തുന്നത് നിത്യസംഭവമായിരിക്കുന്നു.
ഇതര സംസ്ഥാന തൊഴിലാളികളില്ലങ്കില്‍ നമുക്കു വേണ്ടി, മുടി വെട്ടല്‍ മുതല്‍ മത്സ്യബന്ധനം വരെയുള്ള കായിക പ്രധാനമായ ജോലികള്‍ ആര് ചെയ്യും? നാം മലയാളികള്‍ തിന്നും കുടിച്ചും കൂത്താട്ടുമ്പോള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും ആക്രികളും ആര് പെറുക്കിയെടുത്ത് ഈ നാട് വൃത്തിയാക്കും?

ഇതര സംസ്ഥാന തൊഴിലാളികളിലും ക്രിമിനലുകള്‍ സ്വാഭാവികം. പക്ഷേ ഇവരെല്ലാവരേയും കുറ്റവാളികളായി കരുതുന്ന മനോഭാവത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചില രാഷ്ടീയ നിലപാടുകളുണ്ട്.ഒരു കാലത്ത് മുബൈയില്‍ നിന്ന് ‘കാലാമദ്രാസി’എന്ന് ആക്ഷേപിച്ച്, മലയാളികളെ ഒന്നടങ്കം ആട്ടിപ്പായിച്ച ശിവസേനയുടെ രാഷ്ട്രീയം അതിനകത്ത് ഒളിഞ്ഞിരിപ്പുണ്ട്. കൊയിലാണ്ടി നിന്ന് ഗുജറാത്തിലും വടോതരയിലുമെത്തി ടയര്‍ ജോലികള്‍ ചെയ്തും കടനടത്തിയും ജീവിക്കുന്ന ധാരാളം പേരുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അവരെയൊക്കെ തദ്ദേശവാസികള്‍ ആട്ടിപ്പായിക്കുന്നു. സ്വത്തുവകകള്‍ പിടിച്ചെടുക്കുന്നു.’മലബാറിബെഹന്‍ച്ചൂത്ത് ‘ എന്ന പച്ചത്തെറി വിളിച്ചാക്ഷേപിക്കുന്നു.ഇത്തരം നിലപാടുകളെ എല്ലാ കാലത്തും ശക്തമായി എതിര്‍ത്ത പാരമ്പര്യമുണ്ട് മലയാളികള്‍ക്ക്.’മണ്ണിന്റെ മക്കള്‍, വാദത്തെ നാം ശക്തമായി എതിര്‍ത്തിട്ടുണ്ട്. ലോകമാകെ മലയാളികള്‍ കഴിയുന്നുണ്ട്. അവിടെയൊക്കെ വംശീയവാദം തലപൊക്കുന്നതിനെ നമുക്ക് അംഗീകരിക്കാന്‍ കഴിയുമോ?
‘ഞങ്ങള്‍’ എന്ന പരിശുദ്ധരും ‘അവര്‍’എന്ന നികൃഷ്ടരുമായി ജനങ്ങളെ വിഭജിക്കുന്നത് ഫാസിസത്തിന്റെ രീതിശാസ്ത്രമാണ്.ഇന്ത്യ > പാക്കിസ്ഥാന്‍, ഹിന്ദു > മുസ്ലീം, ബ്രാഹ്മണന്‍> ദളിതന്‍, മലയാളി > ബംഗാളി എന്നൊക്കെയുള്ള വിഭജനങ്ങള്‍ക്കു പിന്നില്‍ ഇത്തരം അപകടത്തിന്റെ തത്വശാസ്ത്രം പതിയിരിക്കുന്നുണ്ട്.
ബ്ലാക്ക് സ്‌ററിക്കര്‍, ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിക്കല്‍, ട്രാന്‍സ്‌ജെന്ററുകളെ നിന്ദിക്കല്‍, അവര്‍ക്ക് പൊതു ഇടങ്ങള്‍ വിലക്കല്‍ എന്നിവയിലൊക്കെ ഉമിത്തീ പോലെ ഏരിയുന്നത് ഫാസിസത്തിന്റെ തത്വശാസ്ത്രം തന്നെയാണ്.