കോവില്‍കണ്ടിയുടെ കഥ, അഥവാ കൊയിലാണ്ടിയുടെ പേരിന്‍റെ കഥ

•ശിവരാമന്‍ കൊണ്ടംവളളി
[സ്ഥലനാമ ചരിത്രങ്ങളിലൂടെ]

സംഘകാലഘട്ടത്തില്‍ നിലനിന്നിരുന്ന ദേവതമാരില്‍ പ്രധാനിയായിരുന്നു സുബ്രഹ്മണ്യന്‍ (ആണ്ടവന്‍) അക്കാലങ്ങളില്‍ ദ്രാവിഡ ജനത ആരാധിച്ചു പോന്നിരുന്ന ദ്രാവിഡ ദേവത കൂടിയായിരുന്നു ആണ്ടവന്‍. വൈഷ്ണവ മതത്തിന്റെ പ്രചരണവും ബ്രാഹ്മണരുടെ വരവും ഈദ്രാവിഡ ദേവതയെ വൈഷ്ണവദേവതയാക്കി മാററിത്തീര്‍ത്തു. ഇപ്പോള്‍ സുബ്രമണ്യന്‍ ഒരു വൈഷ്ണവ ദേവതയായാണ് കരുതപ്പെടുന്നത്.

സംഘകാലഘട്ടങ്ങളില്‍ പഴയ തമിഴ്‌നാടിന്റെ ഭാഗമായിരുന്ന നമ്മുടെ പ്രദേശത്തും ഒട്ടനവധി മുരുകാരാധനാ കേന്ദ്രങ്ങള്‍ നിലനിന്നിരുന്നു.  ഇതിന് നിലവിലും ഒട്ടനവധി തെളിവുകള്‍ നമ്മുടെയെല്ലാം പ്രദേശങ്ങളിലും കണ്ടെത്താന്‍ കഴിയും. ഒരു കാലത്ത് കോവില്‍കണ്ടി പ്രദേശം പയ്യനാട് രാജവംശത്തിന് കീഴിലായിരുന്നു നിലകൊണ്ടിരുന്നത്.  ഇവിടുത്തെ ഭരണാധികാരികള്‍ പയ്യനാട് രാജവംശത്തില്‍പ്പട്ട രാജാക്കന്‍മാര്‍ ആയിരുന്നു. പയ്യന്‍+നാട് ചേര്‍ന്നാണ് പയ്യനാട് (പയ്യന്റെ നാട്) ഉണ്ടായിട്ടുള്ളത്.  ഇതിലെ പയ്യന്‍ എന്ന നാമം സൂചിപ്പിക്കുന്നത് ബാലസുബ്രഹ്മണ്യനെയാണ്.  കൂടാതെ പയ്യനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടനവധി സ്ഥലനാമങ്ങള്‍ വടക്കെ മലബാറിന്റെ പല ഭാഗങ്ങളിലായി നിലവിലും കാണാവുന്നതാണ്. പയ്യന്നൂര്, പയ്യാമ്പലം, പയ്യാനക്കല്‍, പയ്യംമ്പള്ളി, മേപ്പയ്യൂര്‍ (മേലെ പയ്യന്റെ ഊര്) കീഴ്പയ്യൂര് (കീഴെ പയ്യന്റെ ഊര്) തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

ഒരു കാലത്ത് നമ്മുടെ പ്രദേശങ്ങളിലെ ഇഷ്ടമൂര്‍ത്തിയായിരുന്നു സുബ്രഹ്മണ്യന്‍. ഏകദേശം സംഘകാലം തൊട്ട് തന്നെ ഇവിടുത്തുകാരും മുരുകനെ ആരാധിച്ചുപോരുന്നതായി വേണം കണക്കാക്കാന്‍.  അതിന്റെ പിന്‍തുടര്‍ച്ചയെന്നോണമാണ് വര്‍ഷാവര്‍ഷങ്ങളി്ല്‍ ഭക്ത ജനങ്ങള്‍ പഴനിമലയെ കേന്ദ്രമാക്കി തീര്‍ത്ഥാടനം നടത്തിപ്പോന്നിരുന്നതും. ശംഖ് ഊതി ജലം തളിച്ച് ഭസ്മം പൂശി കാവടിയും മുദ്രയും ധരിച്ച് എല്ലാ പൂജാരിമാരുടെ (പൂശാരിയെന്നാണ് പറഞ്ഞു പോരുന്നത്.) നേതൃത്വത്തില്‍ പഴനിമലയിലേക്ക് പോയിരുന്നത് പത്ത് വര്‍ഷത്തിനു മുമ്പുവരെ നിത്യകാഴ്ചയായിരുന്നു. ഇന്ന് വിരളമായി മാത്രമേ ഇത്തരം കാഴ്ചകള്‍ കാണാന്‍ കഴിയുന്നുള്ളൂ. വടക്കേ മലബാറുകാരനായ വാഗ്ഭടാനന്ദഗുരുദേവന്‍ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പഴനിമലയില്‍ നടത്തിയ ശക്തമായ സമരം സുബ്രഹ്മണ്യന് നമ്മുടെ പ്രദേശത്ത് എത്രമാത്രം സ്വാധീനമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്.

 

മേല്‍സൂചിപ്പിച്ചതില്‍ നിന്നെല്ലാം കോവില്‍കണ്ടി പ്രദേശത്ത് മുരുകാരാധനയില്‍ എത്രമാത്രം പ്രാധാന്യമുണ്ടായിരുന്നുവെന്ന് വ്യക്തമാകും. അത്തരമൊരു പ്രാധാന്യത്തില്‍ നിന്നുമാകണം കോവില്‍കണ്ടി എന്ന നാമം ഉത്ഭവിക്കാനുണ്ടായ കാരണവും. അക്കാലങ്ങളില്‍ പറമ്പുകളുടെ വ്യാപ്തി (അളവ്) കണക്കാക്കിയിരുന്നത് കണ്ടി എന്ന പദത്തിലൂടെയായിരുന്നു.  അഞ്ചരക്കണ്ടി പറമ്പ് ആറരക്കണ്ടി പറമ്പ് എന്നിങ്ങനെയുളള പ്രയോഗം അടുത്ത കാലംവരെ വിനിമയത്തിനായി ഉപയോഗിച്ച് പോന്നിരുന്നു.ഒരാളുടെ സാമ്പത്തിക അടിത്തറ മററുളളവരെ ബോധ്യപ്പെടുത്താന്‍ അയാള്‍ക്ക് അഞ്ചരക്കണ്ടി പറമ്പുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഇവിടങ്ങളിലെ പതിവ്. കോവിലും കണ്ടിയും ചേര്‍ന്നപ്പോഴാണ് കോവില്‍കണ്ടി എന്ന നാമം ഉണ്ടായിട്ടുള്ളത്. അതായത് കോവില്‍ + കണ്ടി = കോവില്‍കണ്ടി ആയിത്തീരുകയായിരുന്നു. കോവില്‍ നിലകൊളളുന്ന പറമ്പ് (സ്ഥലം) എന്ന അര്‍ത്ഥമാണ് ഇതിനുളളത്.

എന്നാല്‍ കോവില്‍കണ്ടി എന്ന നാമത്തിലെ കണ്ടി എന്ന പ്രയോഗം ആണ്ടിയെ അഥവാ ആണ്ടവനെ സൂചിപ്പിക്കുന്നതാണെന്നാണ് ചില പ്രദേശങ്ങളിലെ ചരിത്രകാരന്‍മാരുടെ വാദം. അവര്‍ പറയുന്നത് കോവില്‍ + ആണ്ടി ചേര്‍ന്നാണ് കോവില്‍കണ്ടി ഉണ്ടായിട്ടുളളതെന്നാണ്. ഇതു ശരിവെക്കുകയാണെങ്കില്‍ കോവില്‍കണ്ടിക്ക് തൊട്ടടുത്തുളള നടേലക്കണ്ടിയിലുള്ള കണ്ടി ആണ്ടിയുമായി ബന്ധപ്പെട്ടിട്ടുളളതാണെന്ന് പറയാന്‍ കഴിയുമോ ? അങ്ങനെയെങ്കില്‍ നടയിലെ ആണ്ടി, നടുവിലെ ആണ്ടി എന്നൊക്കെ ഇതിനെ വായിച്ചെടുക്കേണ്ടി വരില്ലേ ? കോവില്‍കണ്ടി പ്രദേശം തലമുറകളിലൂടെ കടന്നു പോയപ്പൊഴോ അല്ലെങ്കില്‍ വിദേശികളുടെ വരവോട് കൂടിയോ ആവാം കൊയിലാണ്ടിയായി പരിണമിച്ചിട്ടുളളത്. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത് കോവില്‍കണ്ടിയുടെ (കൊയിലാണ്ടിയുടെ) സ്ഥലനാമ ചരിത്രം സംഘകാലവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നു തന്നെയാണ്. ഇതിനെക്കുറിച്ച് കൂടുതലായ പഠനങ്ങളും ഗവേഷണങ്ങളും നടക്കേണ്ടതായിട്ടുണ്ട്.