പണിമുടക്കുന്നത് എണ്ണൂറോളം ബോട്ടുകള്‍; മത്സ്യലഭ്യത കുറയും

കോഴിക്കോട്‌: ജില്ലയിലെ രണ്ട് മീന്‍പിടിത്ത തുറമുഖങ്ങളില്‍ നിന്നുള്ള എണ്ണൂറോളം ബോട്ടുകള്‍ പണിമുടക്കിയതോടെ ഇനി മത്സ്യലഭ്യത കുറയും. ബുധനാഴ്ച മുതല്‍തന്നെ ചെറുവള്ളങ്ങളില്‍ നിന്നുള്ള മത്തി, അയല, മാന്തള്‍ ഉള്‍പ്പെടെയുള്ള മീനുകള്‍മാത്രമാണ് കിട്ടുന്നത്. അതും വളരെ കുറവാണ്. വിപണിയിലെത്തുന്ന മത്സ്യത്തിന്റെ എഴുപത് ശതമാനത്തോളം ബോട്ടുകാര്‍ പിടിക്കുന്നതാണ്. ബേപ്പൂരിലും പുതിയാപ്പയിലുമായി ചെറുതും വലുതുമായി മുന്നൂറോളം ബോട്ടുകള്‍ ഓരോ ദിവസവും മത്സ്യവുമായി എത്തുന്നുണ്ട്. പണിമുടക്കോടെ ഇത് പൂര്‍ണമായി നിലയ്ക്കും.

ചൊവ്വാഴ്ച ശിവരാത്രിയായിരുന്നതിനാല്‍ പുതിയാപ്പയില്‍നിന്നുള്ള മീന്‍പിടിത്തബോട്ടുകളൊന്നും കടലില്‍ പോയിരുന്നില്ല. ബേപ്പൂരിലെ ബോട്ടുകളും നേരത്തേ കരയ്ക്കടുപ്പിച്ചിരുന്നു. ബേപ്പൂരില്‍നിന്നുള്ള 20 ബോട്ടുകളേ ഇനിയെത്താനുള്ളൂ. മാത്രമല്ല കൊയിലാണ്ടി, ചോമ്പാല എന്നിവിടങ്ങളിലെല്ലാം വള്ളങ്ങള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് ബോട്ടുകളുടെ പണിമുടക്ക് വലിയ രീതിയില്‍ ബാധിക്കും. 17-നാണ് ചര്‍ച്ച നടക്കുകയെന്നാണ് സൂചന. 17-ന് സമരം തീര്‍ന്നാലും കടലില്‍പ്പോയി തിരിച്ചെത്താന്‍ വീണ്ടും ദിവസങ്ങളെടുക്കും. അതുകൊണ്ട് കൂടുതല്‍ ദിവസം സമരത്തിന്റെ പ്രത്യാഘാതം നീണ്ടുനില്‍ക്കും. അയക്കൂറ, ചെമ്മീന്‍, കിളിമീന്‍(കോര), ആവോലി, കൂന്തള്‍, ഉള്‍പ്പെടെയുള്ള മീനുകളാണ് കൂടുതലായി ബോട്ടുകാര്‍ പിടിക്കുന്നത്. ഇനി ആളുകള്‍ക്ക് ചെറുവള്ളങ്ങളെയോ കാക്കിനാട, കുളച്ചല്‍, മംഗലാപുരം എന്നിവിടങ്ങളില്‍നിന്നെത്തുന്ന ലോറികളെയോ ആശ്രയിക്കേണ്ടിവരും.

ബോട്ടുകളുടെ സമരം ഐസ് ഫാക്ടറികളെയും അനുബന്ധ മേഖലകളെയുമെല്ലാം ബാധിച്ചുതുടങ്ങിയിട്ടുണ്ട്. സര്‍ക്കാറിനും സാമ്പത്തിക നഷ്ടമുണ്ടാവും.

2500 ലിറ്റര്‍ ഡീസല്‍വരെ ഒരു ബോട്ടില്‍ നിറയ്ക്കും. ഈ വകയിലുള്ള വരുമാനനഷ്ടമുണ്ടാവും. കോഴിക്കോട്ടെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വ്യാഴാഴ്ച മീന്‍വില്‍പ്പനക്കാരുടെ എണ്ണം കുറവായിരുന്നു. ജില്ലയിലെ പ്രാദേശിക മാര്‍ക്കറ്റുകളിലേക്ക് കൂടുതലായും ബേപ്പൂര്‍, പുതിയാപ്പ ഹാര്‍ബറുകളില്‍ നിന്നാണ് മീനുകള്‍ എത്തിയിരുന്നത്. ഇതിനുപുറമേ ഇവിടെനിന്ന് കിളിമീനും ചെമ്മീനും വ്യാപകമായി കയറ്റി അയച്ചിരുന്നു.