അധികാര രാഷ്ട്രീയത്തിന്റെ പുതിയ അധ്വാനവര്‍ഗ സിദ്ധാന്തങ്ങള്‍

എന്‍.വി ബാലകൃഷ്ണന്‍

മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറമാണ്. 1980 ല്‍ ഇകെ നായനാര്‍ നേതൃത്വത്തിലുള്ള സര്‍ക്കാറിന് ആന്റണിയുടെ എ കോണ്‍ഗ്രസിന്റേയും മാണിയുടെ കേരളാ കോണ്‍ഗ്രസിന്റേയും പിന്തുണയുണ്ടായിരുന്നു. അവരത് പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ താഴെപോകും എന്നത് കൊണ്ട് വലിയ ഗൂഡാലോചനകളാണ് വലത് മുന്നണിയുടെ ഉപശാലകളില്‍ നടന്നിരുന്നത്. ആന്റണിയെ തിരികെ കോണ്‍ഗ്രസിലെത്തിക്കാനുള്ള പരിശ്രമമായിരുന്നു ഇതില്‍ പ്രധാനം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതില്‍ വിജയിച്ചതോടെ സിപിഎമ്മിനെതിരെ ശകാരവര്‍ഷവുമായി ആന്റണിരംഗത്തെത്തി. കമ്മ്യൂണിസ്റ്റ് സര്‍ക്കാറുകള്‍ക്കെതിരെ പൊതുവായി ഉയര്‍ത്താറുള്ള ‘സെല്‍ഭരണം’ പുതിയ രൂപത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു.

സിപിഎമ്മുമായി ആത്മാഭിമാനം ഉള്ള ആര്‍ക്കും സഹകരിക്കാനാവില്ല എന്ന് പ്രഖ്യാപിച്ച് പിന്തുണയങ്ങ് പിന്‍വലിച്ചു. അപ്പോഴും മാണി പാറപോലെ ഇടത് പക്ഷത്ത് ഉറച്ച് നിന്നു.   മാണിയുടെ പിന്തുണയില്‍ കഷ്ടിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം മാത്രമാണ് സര്‍ക്കാറിന് ഉണ്ടായിരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ മാണിയെ നേരില്‍കണ്ട് നിലപാട് ഉറപ്പിക്കുന്നതിന് ഇ.എം.എസ്സ് ഉള്‍പ്പെടേയുള്ള നേതാക്കള്‍ പാലായിലെ വീട്ടില്‍ ചെന്ന് മാണിയെ കണ്ടു. ‘നമ്മള്‍ ഒന്നിച്ച് ഒരു പ്രകടന പത്രിക ജനങ്ങള്‍ക്കുമുന്നില്‍ വെച്ച് അംഗീകാരം നേടി അധികാരത്തില്‍ വന്നതല്ലേ, കാലാവധി പൂര്‍ത്തിയാക്കി നമുക്ക് ഒന്നിച്ച് പിരിയാം. ഇത് കരിങ്കോഴിക്കല്‍ മാണി മകന്‍ മാണിയുടെ വാക്കാണ്. എനിക്ക് ഒരു തന്തയേ ഉള്ളു. ഈ വാക്കിന് മാറ്റമുണ്ടാവില്ല’. ഇതുകേട്ട് നേതാക്കള്‍ സന്തോഷത്തോടെ മടങ്ങി. പക്ഷെ പിറ്റേന്ന് വൈകുന്നേരത്തേക്ക് മാണി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. സെല്‍ഭരണം തന്നെയായിരുന്നു അദ്ദേഹവും കണ്ടെത്തിയ കാരണം. രാത്രിയോടെ നായനാര്‍ മന്ത്രിസഭ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. പതിവുപോലെ തൊട്ടടുത്ത ദിവസങ്ങള്‍ മുതല്‍ സിപിഎം നാട്ടിലാകെ വിശദീകരണയോഗങ്ങള്‍ സംഘടിപ്പിച്ചു.

ഇന്ന് പൊതുയോഗങ്ങള്‍ക്കൊന്നും അനുവദിക്കാത്ത മാനാഞ്ചിറ മൈതാനത്തായിരുന്നു കോഴിക്കോട്ടെ യോഗം. എംവിആര്‍ പ്രസംഗ മണ്ഡപത്തിലെത്തി. മാണിയുടെ ഒറ്റതന്ത പ്രയോഗത്തിന് ശേഷം 24 മണിക്കൂറിനകം മാണി നടത്തിയ കരണംമറിച്ചിലായിരുന്നു എംവിആര്‍ സരസമായി അവതരിപ്പിച്ചത്. ജനങ്ങളിലേക്ക് ഇറങ്ങേണ്ടി വന്നത് കൊണ്ട് മാണിയുടെ തന്തയേ അന്വേഷിച്ച് പോവാനൊന്നും ഞങ്ങള്‍ക്ക് സമയമുണ്ടായിരുന്നില്ല എന്ന പ്രയോഗം കൂടിയായപ്പോള്‍ ജനങ്ങള്‍ ഇളകിമറിഞ്ഞു.

കേരള രാഷ്ട്രീയത്തിലെ ചാണക്യനായ കരുണാകരന്റെ ഒരു ഭീഷണിയുടെ മുമ്പിലാണത്രേ മാണി കരണം മറിഞ്ഞത്. മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം മാണിയുടെ വഞ്ചനയേക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിതപിക്കേണ്ടി വരുന്നത് ചരിത്രത്തിന്റെ പ്രതികാരമാകാം. ഐക്യജനാധിപത്യ മുന്നണിവിട്ടു നിയമസഭയില്‍ പ്രത്യേകബ്ലോക്കായിരിക്കാന്‍ ചരല്‍കുന്നില്‍ സമ്മേളിച്ചാണ് കേരളാകോണ്‍ഗ്രസ് തീരുമാനം കൈക്കൊണ്ടത്. അതു കഴിഞ്ഞ് മാസങ്ങള്‍ക്കിപ്പുറം കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഇരുപാര്‍ട്ടികള്‍ക്കും രണ്ടരവര്‍ഷം എന്ന ധാരണ പുതുക്കിയത്. ഈ പുതിയ ധാരണയുടെ ബലത്തിലാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഫിലിപ്പ് പദവി രാജിവെച്ച് ഡിസിസി അധ്യക്ഷ പദവി ഏറ്റെടുത്തത്. പകരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയേ എട്ടുനിലയില്‍ പൊട്ടിച്ച് സിപിഎം പിന്തുണയോടെ പ്രസിഡന്റ് പദവി തട്ടിയെടുത്തത്. ഇതൊക്കെ കാണുന്ന ഒരു സാധാരണ മനുഷ്യന് രാഷ്ട്രീയപ്രവര്‍ത്തകരോടും നേതാക്കളോടും തോന്നുന്ന മനോഭാവം എന്തായിരിക്കും.

കരാര്‍ എഴുതിയതിന്റെ മഷിയുണങ്ങന്നതിന് മുമ്പ് ലജ്ജാ ലവലേശമില്ലാതെ ലംഘിക്കുന്നത് മാന്യതയാണോ?. രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും എപ്പോഴും മാറ്റിപറയാം എന്ന തോന്നലിനേ അരക്കെട്ടുറപ്പിക്കുന്നതാണ് ഈ നടപടി. പൊതുവായി അവസരവാദ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു കക്ഷി ഇത്തരം വൃത്തികേടുകള്‍ക്ക് സന്നദ്ധമായാല്‍ തന്നെ, മൂല്യാധിഷ്ടിത രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു എന്നവകശാപ്പെടുന്ന ഒരു ഇടത് പാര്‍ട്ടിക്ക് അതിന് പിന്തുണ നല്‍കാന്‍ കഴിയുന്നത് എന്ത്കൊണ്ടാണ്. രാഷ്ട്രീയക്കാര്‍ക്ക് പൊതുവായി ഇത്തരം മൂല്യബോധമൊന്നും ആവശ്യമില്ലാ എന്നാണോ ജനം മനസ്സിലാക്കേണ്ടത്. അധ്വാനവര്‍ഗ്ഗ സിദ്ധാന്തം എന്നൊരു വിചിത്രമായ ‘തത്വസംഹിത’ അവതിരിപ്പിച്ച ഒരു തത്വദീക്ഷയുമില്ലാതെ അധികാര രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന കക്ഷിയാണ് കേരളാ കോണ്‍ഗ്രസ് എന്ന് അറിയാത്തവരാരും കേരളത്തിലുണ്ടാവില്ല. മലയോര മേഖലയിലെ വലിയ വര്‍ത്തക പ്രമാണിമാരും ഭൂപ്രഭുക്കളുമായ ക്രീസ്തീയ കൂടുംബങ്ങളുടെ താല്‍പര്യമാണ് കേരളാകോണ്‍ഗ്രസിന്റെ രാഷ്ട്രീയം. അധികാരത്തിനാരുമായും കൂട്ടുകൂടുക. അധികാരമുപയോഗിച്ച് വലിയതോതില്‍ പണം സമ്പാദിക്കുക, അത് കിട്ടാതാകുമ്പോള്‍ തള്ളിപ്പറയുക, കൂടുവിട്ട് അടുത്ത കൊമ്പില്‍ ചേക്കേറുക. ഇതൊക്കെ കേരളം കഴിഞ്ഞ അരനൂറ്റാണ്ടായി കണ്ടുകൊണ്ടിരിക്കുന്നതാണ്.

പ്രീഡിഗ്രി ബോര്‍ഡ്, പ്ലസ്ടു തുടങ്ങി കോടികള്‍ അടിച്ചെടുത്ത വിദ്യഭ്യാസ കച്ചവടം, മതികെട്ടാന്‍ ചോലയിലെ വ്യാപകമായ വനം കയ്യേറ്റം, ഭൂപരിഷ്‌കരണത്തേപോലും അട്ടിമറിക്കാനുള്ള നിയമനിര്‍മ്മാണം. ബഡ്ജറ്റ് വില്‍പ്പന, ബാര്‍ക്കോഴക്കേസ് തുടങ്ങിയ പുളിച്ചു നാറിയ എത്രയെത്ര അഴിമതികഥകളാണ് കേരളം അനുഭവിക്കേണ്ടി വന്നത്. അധ്വാനവര്‍ഗ്ഗ സിദ്ധാന്തമൊക്കെ വിട്ട് മകന്‍ ജോസ് കെ മാണിയെ കോണ്‍ഗ്രസ്സ് നേതൃത്വത്തിലോ ബിജെപിയുടെ നേതൃത്വത്തിലോയുള്ള മന്ത്രിയാക്കന്‍ മാണിനടത്തിയ വഴിവിട്ട നീക്കങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ഇതിനിടയില്‍ ഇടത് പക്ഷത്തേക്ക് ചേക്കേറാനും എന്‍ഡിഎയില്‍ ബര്‍ത്ത് തരപ്പെടുത്താനുമൊക്കെ നീക്കം നടത്തിയ ആളാണ് കെഎം മാണി. മറുകണ്ടം ചാടുമെന്നായപ്പോള്‍ ബാര്‍ക്കോഴക്കേസ് കുത്തിപ്പൊക്കിയാണ് ഉമ്മന്‍ചാണ്ടി മാണിയെ തളച്ചത്. അഴിമതിപ്പണം എണ്ണുന്നതിന് മാണിയുടെ വീട്ടില്‍ സ്ഥാപിച്ച നോട്ടെണ്ണല്‍ യന്ത്രത്തേക്കുറിച്ചുള്ള പരിഹാസം സിപിഎം ഇത്രവേഗം മറന്നുപോയോ. മാണിയെ ഇടത്പക്ഷത്തേക്ക് ആകര്‍ഷിക്കുന്നതിന് സിപിഎം നടത്തിയ ശ്രമങ്ങളൊക്കെ സിപിഐയുടെ ഉടക്കില്‍ തട്ടി തകര്‍ന്നതാണെന്ന വസ്തുതയും സുവിധിതമാണ്.   ഇത്തരമൊരു പാര്‍ട്ടിയുടെ പ്രതിനിധിയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റാക്കാന്‍ പിന്തുണ നല്‍കുന്നതിലൂടെ സിപിഎം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്താണ്?.

നവഉദാരവത്ക്കരണ നയങ്ങളേയും വര്‍ഗീയതേയും എതിര്‍ക്കുന്ന എല്ലാവരുമായി സഹകരിക്കുമെന്ന് സിപിഎം പറയുന്നു. നവലിബറല്‍ നയങ്ങളെ എതിര്‍ക്കുന്ന പാര്‍ട്ടിയാണോ കേരളാ കോണ്‍ഗ്രസ്? ഇക്കലമത്രയും കോണ്‍ഗ്രസിനൊപ്പം നിന്ന് അവര്‍ നടപ്പിലാക്കിയ നയം എന്തായിരുന്നു?. മോദിസര്‍ക്കാറില്‍ മകന് സഹമന്ത്രിസ്ഥാനം ഒപ്പിച്ചെടുക്കാന്‍ പോയ കെഎം മാണിയുമായി ചേര്‍ന്നാണോ സിപിഎം വര്‍ഗീയതയെ ചെറുക്കുക?. രാഷ്ട്രീയത്തില്‍ സ്ഥായിയായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലായെന്ന് രാഷ്ട്രീയക്കാര്‍ പൊതുവായി പറയാറുണ്ട്. പക്ഷേ സ്ഥായിയായ വര്‍ഗ്ഗതാല്‍പര്യങ്ങള്‍ പരിരക്ഷിക്കുന്ന ഒരു പാര്‍ട്ടക്കുമാത്രമേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി നിലനില്‍ക്കാന്‍ കഴിയൂ എന്ന യാഥാര്‍ത്യം സിപിഎം മറന്നാലും ജനങ്ങള്‍ മറന്ന് പോകും എന്ന് കരുതരുത്.