ചോരയിലുറച്ച ദേശപാതകള്‍…

-ശിവരാമന്‍ കൊണ്ടംവള്ളി 

ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കേരളത്തിലേക്കുള്ള വരവ് അവരുടെ ആധിപത്യം ഉറപ്പിക്കുന്നതിനും, ഈ നാട് കൊള്ളയടിക്കുന്നതിലേക്കും നയിക്കുകയുണ്ടായി. സുഗന്ധദ്രവ്യങ്ങളും അമൂല്യമായ വസ്തുക്കളും കൊള്ളയടിക്കുന്നതിന് അവര്‍ സര്‍വ്വതോന്മുഖമായ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിക്കൊണ്ടിരുന്നു.

സുഗന്ധവ്യജ്ഞനങ്ങള്‍ക്കും, വ്യത്യസ്തതരം മരങ്ങള്‍ക്കും പേരുകേട്ട വയനാടന്‍ മലനിരകള്‍ കൈയ്യടക്കാനുള്ള അവരുടെ പദ്ധതികള്‍ ഓരോന്നായി പരാജയപ്പെടുകയായിരുന്നു. ഇതോടെ വയനാടന്‍ മലനിരകളിലെ വിഭവങ്ങള്‍ അവര്‍ക്ക് കിട്ടാകനിയായിതന്നെ നിലകൊണ്ടു. ഇത്തരമൊരു പരിതസ്ഥിതിക്ക് കാരണമായി തീര്‍ന്നത് അടിവാരത്തില്‍ നിന്നും നോക്കിയാല്‍ കാണുന്ന മൂന്നുമലകളായിരുന്നു. ഈ മലകളെ കീഴടക്കാതെ വയനാട്ടില്‍ എത്തിപ്പെടുക എന്നത് അസാധ്യമായിരുന്നു. പലപ്പോഴും കോഴിക്കോട് നിന്നും അടിവാരം വരെ മാത്രമുണ്ടായിരുന്ന റോഡില്‍ ഈ മൂന്ന് മലകളെ നോക്കി അന്ധിച്ചു നില്‍ക്കാനെ ബ്രീട്ടീഷുകാര്‍ക്ക് കഴിഞ്ഞിരുന്നുള്ളു.

ഏതുതരത്തിലായാലും വയനാട്ടില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചേ മതിയാവു എന്നുള്ള ചിന്ത ബ്രീട്ടീഷുകാരെ ഇതിനായുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നിര്‍ബന്ധിതരാക്കി. പക്ഷേ ഇത്തരം ശ്രമങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ പലകേമന്‍മാര്‍ക്കും പരാജയം ഏറ്റുവാങ്ങേണ്ടതായി വന്നു. പലരും പാതിവഴിയില്‍ ശ്രമമുപേക്ഷിച്ച് മടങ്ങി. ചിലര്‍ വന്യമൃഗങ്ങളാല്‍ വേട്ടയാടപ്പെട്ടു. ചിലര്‍ പാമ്പുകടിയേറ്റ് മരിച്ച് വീഴുകയും ചെയ്തു. അപ്പോഴൊക്കെ ചുരം വിദേശാധിപത്യത്തിന് മുന്നില്‍ തലകുനിക്കാതെതന്നെ നിന്നു.

എന്നാല്‍ ഇത്തരം തിരിച്ചടികളൊന്നും ബ്രിട്ടീഷുകാരെ പിന്തിരിപ്പിച്ചില്ല. അവര്‍ കൂടുതല്‍ കരുത്തോടെ മലകീഴടക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. സായിപ്പന്‍മാരുടെ കൂടെയുണ്ടായിരുന്ന ഒരു നായര്‍ ബ്രിട്ടീഷുകാരുടെ ഇത്തരം പദ്ധതികളുടെ കയ്പ്പുനീര്‍ വേണ്ടുവോളം കുടിക്കുകയുണ്ടായി. ഒടുവില്‍ അദ്ദേഹം ചില അഭിപ്രായങ്ങള്‍ സായിപ്പന്‍മാര്‍ക്ക് മുന്നില്‍ വെച്ചു. കരിന്തണ്ടനെന്ന ആദിവാസി കാര്‍ന്നോരെ കണ്ടെത്തിയാല്‍ മലകയറാനുള്ള എളുപ്പമാര്‍ഗം കണ്ടെത്താന്‍ കഴിയുമെന്നായിരുന്നു ആ നിര്‍ദ്ദേശത്തിന്റെ ഉള്ളടക്കം. അക്കാലത്ത് കരിന്തണ്ടന്‍ താമസിച്ചിരുന്നത് അടിവാരം ചേര്‍ന്നുള്ള ചിപ്പിലത്തോട് എന്ന പ്രദേശത്തായിരുന്നു. അവിടെ ഉണ്ടായിരുന്ന പണിയവിഭാഗം ആദിവാസികളുടെ കാര്‍ന്നോര്‍കൂടിയായിരുന്നു കരിന്തണ്ടന്‍. സായിപ്പന്‍മാര്‍ കോളനിയിലേക്ക് ആളെ വിട്ട് കരിന്തണ്ടനെ വരുത്തി.

ഈ ചരിത്ര കഥ മറ്റൊരു രീതിയിലും പറഞ്ഞ് പോരുന്നുണ്ട്. അത് ഇങ്ങനേയാണ്:

പലതരത്തിലുള്ള ശ്രമങ്ങളും നടത്തി പരാജയം മാത്രം ഏറ്റുവാങ്ങിയ ബ്രിട്ടീഷുകാര്‍ അടിവാരത്തില്‍ നില്‍ക്കുമ്പോള്‍ പലപ്പോഴായി കണ്ടകാഴ്ച ഒരു കറുത്തവന്‍ സുഖമായി ആടുമാടുകളേ മേച്ച് മലകയറി പോകുന്നതും, വൈകുന്നേരങ്ങളില്‍ മലയിറങ്ങിവരുന്നതുമായിരുന്നു. ഒരു ദിവസം ഇരുചെവിയറിയാതെ അവര്‍ കരിന്തണ്ടന്റെ സഹായം തേടി. സായിപ്പന്‍മാരുടെ മുന്നിലെത്തിയ കരിന്തണ്ടന്‍ ആവശ്യപ്പെട്ടത് ‘ഏങ്കളുടെ മണ്ണും മലയും തീണ്ടരു തമ്പ്രാ..’ എന്നു മാത്രമായിരുന്നു. എന്നാല്‍ മണ്ണും മലയും തീണ്ടില്ലെന്നും ഞങ്ങള്‍ക്ക് ഇത് വഴിപ്പോകാന്‍ വഴികാട്ടണമെന്നും സായിപ്പന്‍മാര്‍ ആവശ്യപ്പെട്ടു. ആ വാക്കുകള്‍ വിശ്വസിച്ച കരിന്തണ്ടന്‍ വളരെ വിചിത്രമായ രീതിയില്‍ സായിപ്പന്‍മാരുടെ എഞ്ചിനീയര്‍മാരേപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ എളുപ്പത്തില്‍ കയറാവുന്ന മലമടക്കുകള്‍ അടയാളപ്പെടുത്തി നല്‍കി.

അയാള്‍ ആടുമാടുകളെ പേടിപ്പിച്ചോടിച്ചു. മൃഗങ്ങള്‍ വളരെ കുറഞ്ഞ വഴികളിലൂടെ മലമുകളിലേക്ക് ഓടിക്കയറി. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പാതവെട്ടാനുള്ള അടയാളപ്പെടുത്തല്‍ വിദ്യാസമ്പന്നരായ എഞ്ചിനീയര്‍മാരെ ലജ്ജിപ്പിച്ച് കൊണ്ട് കരിന്തണ്ടന്‍ പൂര്‍ത്തിയാക്കി. അടിവാരത്തുനിന്നും ലക്കിടിവരെയുള്ള വഴി നിസ്സാരമായ സമയത്തിനുള്ളിലാണ് ഒരു കറുത്ത ഇന്ത്യക്കാരന്‍ അടയാളപ്പെടുത്തി നല്‍കിയത്. ബ്രീട്ടീഷ് എഞ്ചിനീയര്‍മാര്‍ക്കും അവരുടെ കൂടെവന്ന ശിങ്കിടികളായ നാടന്‍ കറുത്ത സായിപ്പന്മാര്‍ക്കും ഇത് വല്ലാതെ ക്ഷീണമുണ്ടാക്കി.

തങ്ങള്‍ പരാജയപ്പെട്ടിട്ടത്ത് ഒരു തനിനാടന്‍ ആദിവാസി വളരെ നിസ്സാരമായി വിജയിച്ചത് അവരെ നാണം കെടുത്തുകയായിരുന്നു. മാത്രവുമല്ല കരിന്തണ്ടനെന്ന ആദിവാസി കാര്‍ന്നോരാണ് തങ്ങള്‍ക്ക് മലകയറാനുള്ള വഴി അടയാളപ്പെടുത്തിതന്നതെന്ന സത്യം നാളെ പുറം ലോകം അറിയുന്നത് ലജ്ജാകരമാണെന്നും സായിപ്പന്‍മാര്‍ കണക്കുകൂട്ടി. ഇത്തരം കാരണങ്ങളാല്‍ തന്നെ അവര്‍ കരിന്തണ്ടനെ വകവരുത്താനുള്ള ഉറച്ച തീരുമാനത്തിലെത്തി. എന്നാല്‍ നേരിട്ട് കരിന്തണ്ടനോട് എതിര്‍ക്കാന്‍ കഴിവുള്ളവര്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല, സായിപ്പ് കരിന്തണ്ടനെ വെടിവെച്ച് വീഴ്ത്താന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്ക് അത് ഏറ്റില്ല. ഏല്‍ക്കാതിരിക്കാന്‍ കാരണം കരിന്തണ്ടന്‍ അരയില്‍ ധരിച്ച ആചാരവളയായിരുന്നു. ഈ ആചാരവള ആദിവാസി സമുദായത്തിന്റെ കാര്‍ന്നോരായപ്പോള്‍ കരിന്തണ്ടനെ അണിയിച്ചിട്ടുള്ളതായിരുന്നു. കരിന്തണ്ടനെ കൊലപ്പെടുത്താനുള്ള ഏകമാര്‍ഗം ആ ആചാരവള കൈക്കലാക്കുക മാത്രമാണെന്ന് സായിപ്പന്‍മാര്‍ക്ക് ബോധ്യപ്പെട്ടു. അതിനാല്‍ തന്നെ ചതിയിലൂടെ മാത്രമേ കരിന്തണ്ടനെ വകവരുത്താനാവു എന്ന ചിന്താഗതി അവരില്‍ ശക്തിപ്പെട്ടു. ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും മാത്രമേ കരിന്തണ്ടന്‍ ഈ ആചാരവള അഴിച്ച് വെച്ചിരുന്നുള്ളു. ഒരു ദിവസം കരിന്തണ്ടന്‍ ഉറങ്ങുമ്പോള്‍ ഊരിവെച്ചിരുന്ന ആചാരവള സായിപ്പന്‍മാരുടെ വിശ്വസ്തനായ നായര്‍ മോഷ്ടിച്ചെടുത്തു. രാവിലെ ഉണര്‍ന്നെഴുന്നേറ്റ കരിന്തണ്ടന്‍ തന്റെ അധികാരത്തിന്റെ ചിഹ്നമായ വള നഷ്ട്ടപ്പെട്ടതായി തിരിച്ചറിഞ്ഞു. അതോടെ മാനസികമായ വിഷമത്തിലായ അദ്ദേഹം അവിടെതന്നെ തളര്‍ന്നു വീണു. ഇത് പറ്റിയ അവസരമാണെന്ന് ബോധ്യപ്പെട്ട വെള്ളക്കാരന്‍ കരിന്തണ്ടന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.

എന്നാല്‍ ഈ ചരിത്രകഥ ഇങ്ങനേയും കാണാവുന്നതാണ്:

ഒരു ദിവസം വൈകുന്നേരം മൃഗങ്ങളോടൊപ്പം മലയിറങ്ങിക്കൊണ്ടിരുന്ന കരിന്തണ്ടന്‍ കാട്ടുചോലയില്‍ കുളിക്കാനിറങ്ങി. തന്റെ കൈതണ്ടയിലുണ്ടായിരുന്ന ആചാരവള പുറത്ത് അഴിച്ച് വെച്ചാണ് കുളിക്കാനിറങ്ങിയത്. എന്നാല്‍ സായിപ്പിന്റെ നിര്‍ദ്ദേശപ്രകാരം ആചാരവള അവിടെനിന്നും മോഷ്ടിക്കപ്പെട്ടു. ആചാരവളയില്ലാതെ സമുദായങ്ങളുടെ മുന്നിലേക്ക് പോകാന്‍കഴിയാതെ വന്ന കരിന്തണ്ടന്‍ നഷ്ടപ്പെട്ട് വളയും തിരഞ്ഞ് കാട്ടില്‍തന്നെ കഴിച്ചുകൂട്ടി. ഇത്തരമൊരു സന്ദര്‍ഭത്തില്‍ രാത്രയുടെ മറപറ്റി സായിപ്പിന്റെ കള്ളത്തോക്ക് കരിന്തണ്ടന്റെ ജീവന്‍ കവര്‍ന്നു.

കരിന്തണ്ടന്‍ കാട്ടിയ വഴിയിലൂടെ ബ്രിട്ടീഷുകാര്‍ പിന്നീട് റോഡ് നിര്‍മ്മിച്ചു. സുഗന്ധവൃഞ്ജനങ്ങള്‍ കടത്തിക്കൊണ്ടുപോവാനും, മൈസൂരിലേക്ക് കടക്കാനും, ഉപരിയായി ടിപ്പുവിനെ ഒതുക്കുന്നതിന് മൈസൂരിലേക്ക് കോഴിക്കോടുനിന്ന് സൈന്യത്തേ മൈസൂരിലേക്ക് എത്തിക്കാനും ഈ പാതഉപയോഗിച്ചു. എന്നാല്‍ ചുരംവഴി പോകുന്ന കാളവണ്ടികള്‍ പലപ്പോഴായി അഗാധ ഗര്‍ത്തത്തിലേക്ക് പതിച്ചു. വാഹനങ്ങളില്‍ യാത്രചെയ്തുകൊണ്ടിരുന്ന പലയാത്രക്കാര്‍ക്കും അപായങ്ങള്‍ ഉണ്ടായി. നിരന്തരമായി ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ രഹസ്യം അറിയാനായി കവടിനിരത്തി പ്രശ്‌നം വെച്ചുനോക്കി. പ്രശ്‌നവശാല്‍ തെളിഞ്ഞ് കണ്ടത് കരിന്തണ്ടന്റെ ആത്മാവാണ് ഇതിനൊക്കെ കാരണമായിതീര്‍ന്നിരിക്കുന്നത് എന്നായിരുന്നു. പ്രേതത്തെ ആവാഹിച്ച് ബന്ധിപ്പിക്കാപ്പെന്ന് പ്രശ്‌നവിധിയുണ്ടായി. ഇതിനായി പലമന്ത്രവാദികളും പുരോഹിതന്‍മാരും വന്നു. എന്നാല്‍ അതുകൊണ്ടൊന്നും കരിന്തണ്ടന്റെ ആത്മാവിനെ തളക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ദൂരെ ദേശത്തുനിന്നും ഒരു മന്ത്രവാദിയെ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ മികവുറ്റ കഴിവില്‍ ദിവസങ്ങളോളം കര്‍മ്മങ്ങള്‍ നീണ്ടുനിന്നു. ഒടുക്കം ആത്മാവിനെ ചങ്ങലിയില്‍ ബന്ധിച്ച് ആല്‍മരത്തില്‍ തളച്ചു. (അടിവാരത്തുനിന്നും കല്‍പറ്റയിലേക്ക് പോകുന്നവഴിയില്‍(ലക്കിടിയില്‍) റോഡിന് ഇടതുവശത്തായി നില്‍ക്കുന്ന ചങ്ങലമരത്തിന്റെ ഐതീഹ്യം ഇതാണ് സൂചിപ്പിക്കുന്നത്. )

ലക്കിടിയിലെ ചങ്ങലമരം

സാധാരണ പ്രേതങ്ങളെ തളക്കാന്‍ സൂചിയോ ആണിയോ മതിയെങ്കില്‍ മഹാശക്തനായ കരിന്തണ്ടന്റെ ആത്മാവിന് അത് മതിയായിരുന്നില്ല. അതിനാല്‍ തന്നെ ഓടതണ്ടില്‍ ആവാഹിച്ചാണ് ആത്മാവിനെ ചങ്ങലമരത്തില്‍ ബന്ധിച്ചിരിക്കുന്നത്. ഈ അല്‍മരം നില്‍ക്കുന്ന തറയാണ് കരിന്തണ്ടന്‍ തറ എന്നറിയപ്പെടുന്നത്. ഏതു നല്ലകാര്യത്തിന് ഇറങ്ങുമ്പോഴും നാട്ടുകാരും ആദിവാസിസമൂഹവും കരിന്തണ്ടന്‍ തറയില്‍ വന്ന് പ്രാര്‍ത്ഥിക്കുന്നു. അവരുടെ മനസ്സില്‍ വഴിയും വഴികാട്ടിയുമാണ് കരിന്തണ്ടന്‍. കരിന്തണ്ടന്റെ ജീവിതവും മരണവും വലിയ വഞ്ചനയുടേയും ചതിയുടേയും കഥകൂടിയായിരുന്നു.