വലിയ കോഴിക്കോടും ചെറിയ ഭൂമിയും

 

– കല്‍പ്പറ്റ നാരായണന്‍

സുരാസു നാടകോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന കെ.ടി അനുസ്മരണ പ്രഭാഷണത്തില്‍ പ്രശസ്ത സിനിമാ നടന്‍ മാമൂക്കോയ ഭൂമിയിലെ ഏറ്റവും വലിയ നോവലിസ്റ്റ് എസ്.കെ പൊറ്റക്കാടും ഏറ്റവും വലിയ സംഗീതജ്ഞന്‍ ബാബുരാജും ഏറ്റവും വലിയ മികച്ച നാടകകാരന്‍ കെടിയും ആണെന്ന് പറഞ്ഞു. ചലനങ്ങളില്‍, ഭാവങ്ങളില്‍, ഹൃദയത്തില്‍, മുച്ചൂടും കോഴിക്കോടുകാരനായ ഒരാള്‍ക്ക് അങ്ങനെ തോന്നാതിരുന്നാല്‍ അതിലെന്തോ അസത്യമുണ്ടെന്ന് എനിക്ക് തോന്നുന്നു.

കോഴിക്കോടിന്റേത് മാത്രമായ ഫ്‌ളാവര്‍ പൊറ്റക്കാടിന്റെ എഴുത്തില്‍, കെടിയുടെ നാടകത്തില്‍ (ഇത് ഭൂമിയാണ് എന്ന് കോഴിക്കോട്ടിരുന്ന് കെടി) ബാബുരാജിന്റെ സംഗീതത്തില്‍, കുതിരവട്ടം പപ്പുവിന്റെയും മാമൂക്കോയയുടെയും നിസ്സര്‍ഗ്ഗ സുന്ദരമായ അഭിനയത്തില്‍, തിക്കോടിയന്റെ ആതിഥ്യത്തില്‍, ആര്‍ രാമചന്ദ്രന്റെ നിഷ്‌കളങ്കമായ കവിതയിലും ചിരിയിലും, രാമദാസന്‍ വൈദ്യരുടെ കുസൃതികളില്‍, പഴയ കോമള വിലാസ് ഹോട്ടലിലെ ബിരിയാണിയില്‍, (അക്കാലം ബിരിയാണിവെച്ച കോമള വിലാസിലേക്ക് അളുക്കളയില്‍ ചെന്നു കയറുന്ന ഒരു ഭൂഗര്‍ഭപ്പാത ഞാന്‍ സ്വപ്‌നം കണ്ടു). കോഴിക്കോടന്‍ ഹല്‍വയില്‍, മറ്റൊങ്ങും കിട്ടാത്ത ചിലതുണ്ട്.

സാംസ്‌കാരിക സ്ഥാനം ഔപചാരിക അര്‍ത്ഥത്തില്‍ തൃശൂരായിരിക്കാം, അനുഭവത്തിന്റെ അര്‍ത്ഥത്തില്‍ അതെന്നും കോഴിക്കോടായിരുന്നു. കോഴിക്കോട്ടെ മാതൃഭൂമിയിലും ആകാശവാണിയിലും എത്രയെത്ര പ്രതിഭാശാലികള്‍.  നഗരത്തിലൊരു സായാഹ്നത്തില്‍ എതിരെ നടന്നാല്‍ അതാ എതിരെ വരുന്നു എംടി, കടന്നു പോകുന്ന സ്‌കൂട്ടറില്‍ വിഖ്യാത ചലച്ചിത്രകാരനായ അരവിന്ദന്‍, കാലന്‍കുട നിലത്ത് കുത്തി ശ്വാസം പൂര്‍ത്തിയാവാന്‍ കാത്തു നില്‍ക്കുന്ന ബഷീര്‍, നിര്‍ത്തിയിട്ട കാറില്‍ നിന്ന് പുറത്താരോടോ സംസാരിക്കുന്ന പട്ടത്തുവിള, ദ്രുതഗതിയില്‍ നടന്നുപോകുന്ന ഒരു യുവപ്രതിഭയ്‌ക്കൊപ്പം എന്‍എന്‍ കക്കാട്, ചിരിച്ചുകൊണ്ട് ഓട്ടോയില്‍ കയറുന്നു മുടി നെറ്റിയില്‍ വീണ എന്‍പി, ഏതോ വന്‍ കാന്തത്തിന് നേരെ മുടി നീണ്ട അക്കിത്തം, ഒട്ടും സ്വസ്ഥനല്ലാത്ത കെഎ കൊടുങ്ങല്ലൂര്‍…..

കോഴിക്കോടോളം വലുപ്പം ഭൂമിയ്ക്കില്ല എന്ന് ആത്മ നിഷ്ടയോ, സത്യം ഞാനെത്ര തവണ അറിഞ്ഞിരിക്കുന്നു. സംഗീത ബോധത്തിന്റെ അളവില്‍, ഭാവുകത്വത്തിന്റെ അളവില്‍, നിഷ്‌കളങ്ക സ്‌നേഹത്തിന്റെ അളവില്‍, സൗഹൃദത്തിന്റെ അളവില്‍ കോഴിക്കോടോളം വലുതല്ല കേരളത്തിലെ ഒരു നഗരവും. ചിലപ്പോള്‍ ഭൂമിയിലെ ഒരു നഗരവും.